ആലുവ എന്നപേരിന്റെ ഉല്‍പത്തി തന്നെ ശിവക്ഷേത്രവുമായി ബന്ധമുള്ളതാണ്. വെള്ളം എന്ന് അര്‍ത്ഥം വരുന്ന 'ആലം' എന്ന വാക്കില്‍ നിന്നാണ് ആലുവ എന്ന പേര് ഉണ്ടായത്. ആദിമസംസ്ക്കാരങ്ങള്‍ എല്ലാംതന്നെ നദിതീരങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുള്ളതാണ്. പെരിയാര്‍ അതിന്റെ സര്‍വ്വ ആര്‍ഭാത്തോടുകൂടി ആലുവയിലെത്തുന്നതോടെ ആലുവപ്പുഴയായി മാറുന്നു. 'നീലക്കൊടുവേലി' എന്ന ഔഷധസസ്യത്തിന്റെ വേരില്‍ തട്ടിയാണ് ഈ നദി ഒഴുകുന്നത്. രോഗശാന്തി നല്‍കുന്ന ഔഷധശക്തിയുള്ള ഈ നദിയുടെ പ്രശസ്തി കേട്ടറിഞ്ഞ് നാനാ ദിക്കുകളില്‍ നിന്നുപോലും പണ്ടുകാലത്ത് ആളുകള്‍ ഇവിടെ എത്തിയിരുന്നു. നദിയുടെ പരിശുദ്ധിയേക്കാള്‍ ആലുവയെ പ്രശസ്തയാക്കുന്നത് ആണ്ടോടാണ്ട് കുംഭമാസങ്ങളില്‍ ഇവിടെ നടത്തിവരുന്ന 'ആലുവ ശിവരാത്രി' മഹോല്‍സവമാണ്. വടക്കേ ഇന്ത്യക്കാര്‍ക്ക് കാശി എന്നപോലെയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക് ആലുവ. ശിവരാത്രി മഹോല്‍സവത്തിന്റെ പ്രശസ്തിയും പരിശുദ്ധിയും കൊണ്ടാവണം ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന ഒരു ഓമനപ്പേര് ആലുവക്ക് ലഭിച്ചതും. പണ്ട് കാലത്തും ശിവരാത്രി കാലങ്ങളില്‍ നാനാജാതി മതസ്ഥര്‍ മതേതര കാരണങ്ങളാല്‍ ആലുവ മണപ്പുറത്ത് ഒത്തുകൂടുക എന്നുള്ളത് ഒരുപതിവ് സംഭവമായിരുന്നു. ഈ ഒത്തുകൂടലിന്റെ നന്മയും, പരിശുദ്ധിയും, പ്രശസ്തിയും കൊണ്ടാകണം ഒരുപക്ഷേ മലയാളഭാഷയില്‍ തന്നെ 'ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം' എന്ന പ്രയോഗം രൂപപ്പെട്ടുവന്നത്.
ആലുവയുടെ ചരിത്രത്തിലേക്ക് നാം ഒന്ന് എത്തിനോക്കുകയാണെങ്കില്‍ അവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സൌധം നമുക്ക് കാണാന്‍ സാധിക്കും. അത് മറ്റൊന്നുമല്ല ആലുവ കൊട്ടാരം തന്നെയാണ്. കുംഭമാസങ്ങളില്‍ ശിവരാത്രിക്ക് പങ്കെടുക്കാന്‍ വരുന്നവര്‍ വേനലിന്റെ കാഠിന്യം മറന്ന് ഇവിടെ തങ്ങിയിരുന്നത് പുഴവെള്ളത്തിന്റെ പരിശുദ്ധിയും ഔഷധഗുണവും മൂലമായിരുന്നു. രാജാവ് പ്രജകളുടെ ഈ രീതി പിന്‍തുടര്‍ന്ന് മണപ്പുറത്തേക്ക് പൂമുഖമായി ഒരു കൊട്ടാരവും സ്നാനഘട്ടവും പണികഴിപ്പിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായി ഈ കൊട്ടാരത്തെ കണക്കാക്കിയിരുന്നു.
1925ലെ മഹാത്മാഗന്ധിയുടെ ആലുവാ സന്ദര്‍ശനം ആലുവയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആലുവയില്‍ ചലനം സൃഷ്ടിച്ച ഈ സന്ദര്‍ശനം നിരവധിപേരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാക്കി മാറ്റി. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനവേളയില്‍ യു.സി. കോളേജില്‍ ഒരുമാവ് നടുകയുണ്ടായി. ആരാധ്യനായ ശ്രീനാരായണഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആലുവയില്‍ ചെലവഴിച്ചിരുന്നു. ആലുവപ്പുഴയുടെ തെക്കേ ഓരത്തായി അദ്ദേഹം സ്ഥാപിച്ച അദ്വൈതാശ്രമം ആലുവയിലെ എണ്ണപ്പെട്ട ചരിത്രസ്മരണകളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ ശ്രമഫലം കൊണ്ടുകൂടിയാണ് അദ്വൈത സംസ്കൃത പാഠശാല ആലുവയില്‍ സ്ഥാപിതമായത്. 1924^ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ഒരു സര്‍വ്വമത സമ്മേളനം വിളിച്ച് കൂട്ടി. മതങ്ങള്‍ തമ്മില്‍ സംവാദങ്ങളിലേര്‍പ്പെട്ട് അടിസ്ഥാനപരമായി യോജിക്കാവുന്ന ഘടകങ്ങളുണ്ടോയെന്ന് അറിയുക അതിന്റെ ലക്ഷ്യമായിരുന്നു. ഈ സമ്മേളനത്തിന് ശേഷമാണ് മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം സാര്‍വത്രികമായത്.
ആലുവയിലെ ആദ്യത്തെ പത്രമായ 'പൌരന്‍ പത്രം' നിലവില്‍വരുന്നത് അടിയന്തിരാവസ്ഥ കലത്താണ്. ആലുവയുടെ ചരിത്രം കൊല്ലവര്‍ഷം 1099 വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്നു. ആലുവക്കാര്‍ക്ക് ആണ്ടോടാണ്ടുള്ള ശുദ്ധികലശമായി കണക്കാക്കിപ്പോന്ന വെള്ളപ്പൊക്കം കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വരാറുണ്ടായിരുന്നു.
ആലുവയുടെ വിദ്യാഭ്യാസമേഖലയിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ ഇവിടത്തെ സാക്ഷരത 95% ആണ്. ആലുവയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം സെന്റ് മേരീസ് ഹൈസ്കൂള്‍ ആണ്. 1909-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ വനിതാ വിദ്യാഭ്യാസസഥാപനം ആലുവയിലെ മഹിളാലയം ഹൈസ്കൂള്‍ ആണ്. ആലുവയിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുനിസിപ്പല്‍ ഫുട്ബോള്‍ ക്ലബിന് രൂപംകൊണ്ടത്. ആദ്യത്തെ ഗ്രൌണ്ട് ആലുവ റിക്രിയേഷന്‍ ഗ്രൌണ്ട്. ആലുവയില്‍ വൈദ്യുതി വിതരണം തുടങ്ങിയത് 1940-ല്‍ ആണ്. ആദ്യമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് 1898-ല്‍ ആണ്. ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങുന്നത് 1945-ല്‍ ആണ്. ഇന്ത്യയില്‍ രണ്ട് കുരിശുപള്ളികള്‍ മുന്നിലുള്ള പോലീസ് സ്റ്റേഷന്‍ ആലുവയിലാണ്.
വളരെയേറെ സംസ്കൃതിയും, പാരമ്പര്യവും പ്രശസ്തിയുമുള്ള ആലുവാ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തന്നെയാണ് നമ്മുടെ M.E.S College സ്ഥിതിചെയ്യുന്നത് എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുതയാണ്. ഈ സംസ്കൃതിയും, പാരമ്പര്യവും, പ്രശസ്തിയും എന്നും കാത്തുസൂക്ഷിക്കുവാനും അത് അടുത്ത തലമുറയിലേക്ക് ഒരു കോട്ടവും തട്ടാതെ പകര്‍ന്ന് നല്‍കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.
Naseela K.M.,
Physical Science.
No comments:
Post a Comment