Pages

Thursday, October 28, 2010

വിശപ്പിന്റെ വിളി

റെയില്‍വേ സ്റ്റേഷന്‍ ഏതാണ്ട് വിജനമായിരുന്നു. അവിടവിടെയായി സിമന്റു ബെഞ്ചുകളില്‍ ഏതാനും യാത്രക്കാര്‍ ഇരിക്കുന്നു. രാത്രി പൈകിയോടുന്ന ഏതോ വണ്ടി കാത്തിരിക്കുന്നവര്‍, കാത്തിരിപ്പിന്റെ മുഷിപ്പും അനിവാര്യമായ യാത്രയുടെ ആത്മബോധവും ചേര്‍ന്ന് അവരുടെ മുഖങ്ങള്‍ക്ക് ഒരു പ്രത്യേകഭാവം നല്‍കിയിട്ടുണ്ട്. അക്ഷമയുടെ കാലില്‍ ഉറക്കച്ചടവും പേറി നിശãബ്ദതയോട് കയര്‍ക്കുന്ന വേറെയും ചിലര്‍. യാത്രക്കാര്‍ വലിച്ചെറിഞ്ഞ എച്ചില്‍പൊതികളുടെ അവകാശത്തര്‍ക്കത്തില്‍ കലപില കൂട്ടിയിരുന്ന കാക്കകള്‍ എപ്പോഴോ ചേക്കേറിക്കഴിഞ്ഞു. കാലം ചുളിവു വീഴ്ത്തിയ മുഖവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു വൃദ്ധയാചക വേച്ചു വേച്ചു നടക്കുന്നു. അന്നത്തെ 'സമ്പാദ്യം' കൊണ്ട് വല്ലതും കഴിച്ച് ഒരു കിടിപ്പാടം അന്വേഷിക്കുകയാവണം. കാക്കക്കഷ്ടങ്ങള്‍ ചിത്രം വരഞ്ഞ ഒഴിഞ്ഞ സിമന്റുബെഞ്ചില്‍ പരിവേദനങ്ങളുടെ മാറാപ്പുകള്‍ വെച്ച് തലചായ്ക്കാനൊരുങ്ങുന്ന വൃദ്ധയാചകന്‍. ഇടക്കിടെ അപശബ്ദങ്ങളുണ്ടാക്കുകയും എന്തോ തിരയുകയും ചെയ്തിരുന്ന മാനസിക രോഗിയായ ചെറുപ്പക്കാരന്‍ പ്ലാറ്റുഫോമിലെ  സ്റ്റോറില്‍ നിന്ന് ബീഡി വാങ്ങി കത്തിച്ച്, കെടുത്തിയ കൊള്ളികടയിലേക്ക് തന്നെ തിരിച്ചെറിഞ്ഞ് നിര്‍വ്വികാരനായി നടന്നുനീങ്ങുന്നു. അര്‍ത്ഥമുള്ള വാക്കുകളുടെ വിലയിടിഞ്ഞ കാലത്ത് അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ കൊണ്ട് സമരം ചെയ്യുകയാവണം അയാള്‍. നിലനില്‍ക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ചോരത്തിളപ്പിന്റെ പ്രതീകമാവാം അയാളുടെ ചെയ്തികള്‍. പ്ലാറ്റ്ഫോമില്‍ താമസമാക്കിയ തമിഴ് കുടുംബം അത്താഴം കഴിഞ്ഞ് കിടക്കാനൊരുങ്ങുന്നു. ഇടക്ക് കൈക്കുഞ്ഞ് കരയാന്‍ തുടങ്ങുമ്പോള്‍ നിര്‍ലജ്ജമായി മുലയൂട്ടുന്ന 'ഗൃഹനാഥ'.
സ്റ്റേഷനടുത്തുള്ള മീഞ്ചന്തയില്‍ നിന്നും മടുപ്പിക്കുന്ന ദുര്‍ഗന്ധം വമിക്കുന്നു. പുലര്‍ച്ചേ കയറ്റിപ്പോകാനുള്ള വെറ്റിലക്കൊട്ടകള്‍ വഴിമുടക്കാത്തവിധം അടുക്കിവെച്ചിട്ടുണ്ട്. ഇനിയും ഉറങ്ങിയിട്ടില്ലാത്ത ഈച്ചകള്‍ അടയ്ക്കക്കൊട്ടകള്‍ക്കു ചുറ്റും മൂളിപ്പറക്കുന്നു. ടോയ്ലറ്റുകളുടെ പിറകില്‍ ഉദയം കൊള്ളുന്ന കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ടു പാടുന്നതിന്റെ അരോചകത. പോലീസ് റൂമില്‍ നിന്നും നൈറ്റ് ഡ്യൂട്ടിക്കാരുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേള്‍ക്കാം. തറപ്പിച്ച നോട്ടത്തോടെ  ഒരു പോലീസുകാരന്‍ റോന്തുചുറ്റുന്നു. യാത്രാവണ്ടികളുടെ നീണ്ട ഇടവേള കാരണമായിരിക്കും കാപ്പിക്കാര്‍ അപ്രത്യക്ഷമായിട്ടുണ്ട്. അങ്ങുമിങ്ങും ഓടിനടക്കുന്ന ചുമട്ടുകാരുടെ കനത്ത സ്വരങ്ങള്‍ ശൂന്യതയില്‍ ലയിച്ചുചേരുന്നു. യാത്രക്കാരിലൊരാളുടെ മൊബൈല്‍ഫോണ്‍ ഞെട്ടിച്ചുകൊണ്ട് ചിലയ്ക്കുന്നു.
നിശãബ്ദതയെ കീറിമുറിച്ചുകൊണ്ട് അവസാനവണ്ടിയും പോയ്ക്കഴിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോം ലക്ഷ്യമില്ലാത്തവരുടേതുമാത്രമായി. പകല്‍ സമയം പരസ്യങ്ങളുമായി ഉറഞ്ഞുതുള്ളിയിരുന്ന ടി.വികള്‍ വിശ്രമത്തിലാണ്. യാത്രക്കാരില്‍ പ്രതീക്ഷയുടെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് അനൌണ്‍സ്മെന്റുകളും മുഴങ്ങാതായി.
അവജ്ഞയോടെ നോക്കി കടന്നുപോകുന്ന കാടന്‍പൂച്ച ഇണയുമായി കടിപിടികൂടുന്നു. വൃദ്ധയാചകന്റെ കൂര്‍ക്കംവലി അവ്യക്തമായി കേള്‍ക്കുന്നു, എല്ലാം കണ്ടും കേട്ടും മുഷിപ്പിന്റെ മണിക്കൂറുകള്‍. മേലേ കണ്‍പോളകള്‍ക്കുള്ളില്‍ ഒരു ചുവന്ന വേദന ജനിക്കുമ്പോള്‍ വയറ്റില്‍ കുടല്‍ കരിയുന്ന മണം. കത്തലടക്കാനുള്ള ആഗ്രഹത്തിന്റെ കാലില്‍ വേച്ചു വേച്ചു പുറത്തേക്ക് നടന്നു. കാത്തിരിപ്പിന്റെ ഇരുട്ടു ബെഞ്ചില്‍ നിന്നും വേശ്യകള്‍ എത്തിനോക്കുന്നു. മാനാഭിമാനത്തിന് വിലയിടാന്‍ ഇടപാടുകാരെ വലവിശീയെടുക്കാന്‍ പോന്ന കണ്ണുകള്‍. ഗ്യാസ്ലൈറ്റ് ജ്വലിക്കുന്ന തട്ടുകടയില്‍ നിന്നും മീന്‍കറിയുടെ വശ്യമായ സുഗന്ധം നാസാരന്ര്ധങ്ങളെ തഴുകി കടന്നുപോകുന്നു. 'ഇരട്ടി' കൊയ്യാന്‍ ഉറക്കമിളിച്ചിരിക്കുന്ന കടക്കാരന്‍ ഇറങ്ങിനിന്ന് കനപ്പിച്ച് നോക്കുന്നു. കയ്യിലൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞോ എന്തോ അയാളുടെ നോട്ടത്തിന് 'കടന്നുപോടാ' എന്ന പരുക്കന്‍ ഭാഷ. സ്വപ്നം കാണാന്‍പോലും അര്‍ഹതയില്ലെന്ന ബോധത്തോടെ തിരികെ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍ പാളത്തില്‍ ഡീസല്‍ ടാങ്കറുകളുടെ അനുസ്യുതപ്രവാഹം. മൂക്കിലേക്കടിച്ചുകയറുന്ന ഡീസലിന്റെ ഗന്ധത്തില്‍ നിന്ന് പതിയെ മുക്തി നേടവേ ഒരുവതാരം കണക്കെ പ്രത്യക്ഷപ്പെടുന്ന റെയില്‍ ജീവനക്കാരന്‍. ഇരന്നു വാങ്ങിയ പൊതിച്ചോറിന്റെ അവസാന കണികയും തീരവേ അയാളോട് നന്ദിപറഞ്ഞെന്ന് വരുത്തി. ഉച്ചത്തില്‍ പേരെടുത്ത് വിളിച്ചിരുന്ന കൊച്ചമ്മയെയാണ് ഓര്‍മ്മ വന്നത്. അവരോട് പക്ഷേ യാചനയുടെ ആവശ്യമുണ്ടായിരുന്നില്ല. ഉള്ളില്‍ ആമാശയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ കേട്ടുകിടക്കവെ കണ്‍പോളകള്‍ക്ക് ഘനമേറുന്നതായറിഞ്ഞു.
പോര്‍ട്ടര്‍ നിര്‍ദയമായി തട്ടിവിളിച്ചപ്പോള്‍ വഴിയില്‍ കിടന്നതിന് കുറ്റബോധം തോന്നി. നേരം വെളുക്കാന്‍ ഇനി അധികസമയമില്ല. അന്നം തേടിപ്പോവുന്ന പറവകളുടെ കലപിലകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. മീഞ്ചന്തയിലെ ബഹളങ്ങളെ അതിജീവിച്ച് ഒരു ചലച്ചിത്രഗാനം ഒഴുകിവരുന്നു. ആദ്യവണ്ടിയി തന്നെ വെറ്റിലയും അടക്കയും കയറ്റിവിടുന്നതിരക്കിലാണ് ചുമട്ടുകാര്‍. യാത്രാവണ്ടിയുടെ വരവറിയിച്ച് ഇടക്കിടെ മുഴങ്ങുന്ന അനൌണ്‍സ്മെന്റുകള്‍. അവിടവിടെയായി കാപ്പിക്കച്ചവടക്കാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൂപ്പുകാര്‍ അവസാന മിനുക്കുപണികള്‍ നടത്തുന്നു. തണുപ്പകറ്റാന്‍ കാപ്പികുടിക്കുന്ന തിരക്കിലാണ് യാത്രക്കാരിലേറെയും. തിരക്ക് കൂടി വന്നപ്പോള്‍ പതുക്കെ ഉള്‍വലിയുകയാണ് നല്ലതെന്നു തോന്നി.
ഇപ്പോള്‍ പ്ലാറ്റുഫോമിലെ തിരക്കുകള്‍  ഒരുമറയ്ക്കപ്പുറത്തെന്നപോലെ കേള്‍ക്കാം. റെയില്‍വേ ജീവനക്കാരുടെ ക്വോട്ടേഴ്സിന്റെ തിണ്ണക്ക് പതിവിലേറെ തണുപ്പുണ്ടായിരുന്നെങ്കിലും മുഷിപ്പിന്റെ താരാട്ടില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉച്ചക്ക് വിശപ്പാണ് വിളിച്ചുണര്‍ത്തിയത്. പെട്ടെന്നാണ് കോടമഞ്ഞിറങ്ങുംപോലെ ഒരുപറ്റം ഖദര്‍ധാരികള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ മാലാഖമാരെപ്പോലെ പ്ലാറ്റുഫോമിലെങ്ങും പരന്നു നടക്കുന്നു. അമ്പരപ്പില്‍ നിന്നുണരാന്‍ അല്‍പസമയമേ വേണ്ടി വന്നുള്ളു. അവര്‍ വൃദ്ധയാചകരെയും യാചകബാല്യങ്ങളെയും കൂട്ടിക്കൊണ്ടു പോവുന്നു. തെരുവിന്റെ മകള്‍ അമ്പരപ്പും വിസമ്മതവും ചിലര്‍ ആക്രമവാസനയും  കാണിക്കുന്നുവെങ്കിലും ഒടുവില്‍ സ്നേഹത്തിന്റൈ ശക്തിസാന്ദ്രമായ സ്പര്‍ശത്തില്‍ അവര്‍ കിഴടങ്ങുന്നു.  ആകെത്തുകയില്‍ ഏതോ സാമൂഹ്യ പ്രവര്‍ത്തകരോ സന്നദ്ധ സംഘടനക്കാരോ ആയിരിക്കാം എന്ന അനുമാനത്തിലെത്തി. അതെ, നിരാംബര്‍ക്കാലംബമാകുന്നവര്‍ തന്നെ.
സ്നേഹസ്പര്‍ശത്തിനായി ഒരു കൈ നീളുന്നതും കാത്ത് എല്ലാവരും  കാണുന്നിടത്തുതന്നെ കുത്തിയിരുന്നു. അതെ, ആരോ ഒരു തലോടലോടെ വിളിച്ചുണര്‍ത്തി. ഒന്നു മയങ്ങിയതുപോലെ അഭിനയിക്കുകയായിരുന്നല്ലോ താന്‍. ഉള്ളില്‍ നൂറുവട്ടം സമ്മതമാണെങ്കിലും പുറമെ വിസമ്മതം പ്രകടിപ്പിക്കുന്നതിലെ ഔപചാരികത അയാള്‍ മനസ്സിലാക്കിക്കാണില്ല. അയാള്‍ തിരിച്ചുനടക്കുമോ എന്ന ഒരുള്‍ഭയം ഇല്ലാതില്ല. പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ അനുസരണശീലനായ കുട്ടിയെപ്പോലെ അയാളെ പിന്തുടരുന്നു...
സ്റ്റേഷനിലെ മണിയടികേട്ട് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍ പ്ലാറ്റ്ഫോം വീണ്ടും നിശãബ്ദമായിക്കഴിഞ്ഞിരുന്നു. ഖദര്‍ധാരികളും വൃദ്ധബാല യാചകരും അപ്രത്യക്ഷമായിട്ടുണ്ട്. സ്വന്തം വ്യാമോഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസില്‍ നിന്നും സന്ധികളിലേക്ക് പടരുന്ന ലജ്ജയുടെ കണങ്ങള്‍ ഒരുതരം മരവിപ്പുണ്ടാക്കുന്നു. മനുഷ്യനിട്ട ഒരു പേരു മാത്രമേ സ്വന്തമായുള്ളു എന്ന ബോധത്തില്‍ അന്നാദ്യമായി ഒരു നായയായി ജനിക്കേണ്ടിവന്നതില്‍ സ്വയം ശപിച്ചു. ദേഷ്യവും വെറുപ്പും ഒരേസമയം മസ്തിഷ്കത്തിലേക്കിരച്ചുകയറി. നായകള്‍ക്കും വേണ്ടം വൃദ്ധസദനങ്ങളും ശാന്തിഹോമുകളും എന്ന ആത്മരോഷത്തിന്റെ തിരികെടുത്തി വീണ്ടും വിശപ്പിന്റെ വിളി. സമയം പാഴാക്കാതെ എച്ചില്‍പൊതികളും തേടി പാളത്തിലിറങ്ങി നടന്നു.

Assainar A

No comments:

Post a Comment