മൈതാനത്ത് ഉച്ചഭാഷിണിയില്‍ നിന്ന ഒരു മാപ്പിളപ്പാട്ട് ഒഴുകിവരുന്നു. വിശിഷ്ടാതിഥികളെ സ്വീകരിക്കാനുള്ള ചുമതല റാണി ടീച്ചര്‍ക്കാണ്. താലിപ്പൊലി സംഘത്തെ തയ്യാറാക്കുന്ന തിരക്കിലാണ് ഭാനുമതി ടീച്ചര്‍. കതിനവെടിയും പടക്കവും ശരീഫ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്നു. പി.ടി.എ പ്രസിഡന്റ് സെയ്താലിക്കുട്ടിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രസിഡന്റ് രമേശും ജഗപുകയിലാണ്. ആകെകൂടി ഉല്‍സാഹതിമിര്‍പ്പിലാണ് എല്ലാവരും. എന്തിനാണ് ഈ ഉല്‍സാഹം? ദശാബ്ദങ്ങളായി ഒരു സ്ഥാപനത്തിന്റെ ഭാഗമായിരുന്നു നാലദ്ധ്യാപകരെ പറഞ്ഞുവിടാനോ? ഒരു കണക്കിന് ഇതും ഒരു മരണമാണ് ^ ഔദ്യോഗിക ജീവിതത്തിന്റെ മരണം. ഇന്നു വരെ എല്ലാറ്റിനും ഒരടുക്കുംചിട്ടയുമുണ്ടായിരുന്നു. നാളെ അങ്ങനൊയൊന്നില്ല. കൃത്യസമയത്ത് ഉണരേണ്ടേ, കുളിക്കേണ്ട, എന്തിന് പല്ലുപോലും തേക്കേണ്ട. ജീവിതത്തിന്റെ അര്‍ത്ഥംതന്നെ അസ്തമിച്ചപോലെ ''എന്താ മാഷേ റിട്ടയര്‍മെന്റിന്റെ സുഖം ഇപ്പോഴേ തലക്കുപിടിച്ചോ?'' അറബി മാസ്റ്റര്‍ ഹംസ തോളില്‍ തട്ടിയപ്പോഴാണ് പരിസരം ഓര്‍ത്തതുതന്നെ. ഉത്തരം ഒരു ചിരിയിലൊതുക്കി.
മാനേജരും കമ്മറ്റി അംഗങ്ങളില്‍ ചിലരും കാറില്‍ നിന്നിറങ്ങി കടന്നുവരുന്നുണ്ട്. ഹെഡ്മിസ്ട്രസ് അവരെ സ്വീകരിക്കാനുള്ള തിരക്കിലാണ്. മാനേജരെ കാത്തുനിന്നിരുന്നവരുടെ മുഖത്ത് അങ്ങോട്ട് ചെല്ലാമോ എന്ന ശങ്കയുണ്ട്. പിരിയുന്ന സ്ഥാനത്തേക്കുള്ള അപേക്ഷകാരാം. മുപ്പത്തിനാല് വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ ഇതുപോലെ പകച്ചുനിന്നതോര്‍മ്മ വന്നു. നീണ്ട മുപ്പത്തിനാലുവര്‍ഷം! എന്തെല്ലാം അനുഭവങ്ങള്‍! ഒരുജീവിതം അവിടെ തുടങ്ങി. ഇവിടെ എരിഞ്ഞടങ്ങുന്നു. മനസ്സില്‍ നിര്‍വ്വികാരത തളംകെട്ടി നില്‍ക്കുന്നു. പിരിയുന്നതിന്റെ സങ്കടമാണെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ശമ്പളം കുറയുന്നതിന്റെ ഏനക്കേടാണെന്നും പറഞ്ഞേക്കാം. പക്ഷെ അതാണോ കാരണം? അല്ല തന്നെ. സാമ്പത്തികമായ ഒരു പ്രശ്നവും തനിക്കില്ല. ജീവിത സഖി രണ്ടുവര്‍ഷം മുമ്പ് യാത്ര പറഞ്ഞു. പെട്ടെന്നുണ്ടായ ആ വേര്‍പാട് ഹൃദയത്തെ കീറിമുറിച്ചു എന്നത് ശരിതന്നെ. എന്നാല്‍ ഇന്നത്തെ നിര്‍വ്വികാരതയുടെ കാരണം അതുമാത്രമല്ല. അതെന്തൊണെന്ന് തിരിച്ചറിയാന്‍ തനിക്കു തന്നെ ആവുന്നില്ല.
റാണി ടീച്ചര്‍ ഓടി കിതച്ചു വരുന്നുണ്ട്. ദാ! ഞാനും ഇന്നൊരതിഥിയാണല്ലോ? ലൈല ടീച്ചറും ശാരദ ടീച്ചറും വാസുദേവന്‍ മാസ്റ്ററും ഒത്താണ് റാണിയുടെ വരവ്. ഞങ്ങള്‍ നാലുപേരാണല്ലോ പിരിയുന്നത്. മന്ത്രി വരാറായി. റാണിയുടെ പരിഭ്രമം കണ്ടാല്‍ സുനാമി വരുന്നതുപോലെ തോന്നും. നിയോജകമണ്ഡലം എം.എല്‍.എയും കൂടിയായ മന്ത്രിയാണ് മുഖ്യാതിഥി. മേയറും ഡി.ഡി.ഇയും ഡി.ഇ.ഒയും എല്ലാം അതിഥികള്‍. എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവായ രമേശിന്റെ ഉല്‍സാഹത്താലാണ്. രമേശ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് ബാറിലെ ശ്രദ്ധേയനായ ഒരു യുവ അഡ്വക്കേറ്റ്. കതിനവെടിയുടെ കാതടിപ്പിക്കുന്ന ശബ്ദം. മന്ത്രിയുടെ വരവായിരിക്കും. യാത്രയയപ്പ് സമ്മേളനം തുടങ്ങി. ഹെഡ്മിസ്ട്രസിന്റെ സ്വാഗതപ്രസംഗത്തില്‍ വേണുമാസ്റ്ററെ കുറിച്ചാണ് കൂടുതല്‍ പരമാര്‍ശിച്ചത്. കൃത്യനിഷ്ഠ, ആത്മാര്‍ത്ഥത, ഉത്തരവാദിത്വബോധം എന്നു തുടങ്ങി പുതിയ തലമുറകന്യമായ പലഗുണങ്ങളും അവര്‍ എടുത്തു പറഞ്ഞു. പ്രസംഗങ്ങള്‍ കൊഴുത്തു വന്നു. ഡി.ഡി.ഇയും ഡി.ഇ.ഒയും വേണു മാസ്റ്റര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു. ഓര്‍ത്തപ്പോള്‍ ചിരി വന്നു. സ്വയം അപേക്ഷിച്ചു നേടുന്ന അവാര്‍ഡ് ^എല്ലാം കേള്‍ക്കുമ്പോഴും മനസ്സിലെ നിര്‍വ്വികാരത കൂടിയതേയുള്ളൂ. അവസാനം തന്റെ ഊഴം വന്നു. മറുപടി പ്രസംഗം മൈക്കിന് മുമ്പില്‍ ഏറെ നിന്നിട്ടും ഒരുവാക്ക് പുറത്തുവന്നില്ല. എല്ലാറ്റിനും നന്ദി എന്നുപറഞ്ഞു. സീറ്റില്‍ പോയിരുന്നു. മണിക്കൂറുകളോളം പ്രസംഗിച്ച പല വേദികളും ഈ വിദ്യാലയത്തില്‍ കഴിഞ്ഞ മുപ്പത്തിനാലുവര്‍ഷത്തെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന്....
പരിപാടി കഴിഞ്ഞ് എല്ലാവരും താഴെ ഇറങ്ങി. അതിഥികളെല്ലാം കൈപിടിച്ച് സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ വിശ്രമജീവിതം ആശംസിച്ചു. പൊള്ളയായ ആശംസകള്‍ക്ക് മുടക്കില്ലല്ലോ? വേദിക്കു താഴെ എത്തിയതും ആ ചെറുപ്പുക്കാരന്‍ അടുത്തുവന്നു. ഞൊടിയിടയില്‍ പാദംതൊട്ട് വന്ദിച്ചു. താന്‍ പെട്ടെന്ന് പിന്നോട്ട് മാറി. ഒരാള്‍ പാദം തൊടുന്നത് പണ്ടേ ഇഷ്ടമല്ല. ഒരാളുടെ പാദം മറ്റൊരാള്‍ തൊട്ട് വന്ദിക്കുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷം. ആ ചെറുപ്പക്കാരന്റെ ശിരസ്സില്‍ തൊട്ടു. പിന്നെ രണ്ടു കൈയും പിടിച്ച് അടുപ്പിച്ചു. എവിടെയോ കണ്ട നല്ല പരിചയം. ''സാറിന് എന്നെ മനസ്സിലായില്ലേ?'' പരിഭവം ലേശമില്ലാത്ത ചോദ്യം. പതുക്കെ ആ മുഖം ഓര്‍മ്മവന്നു. സുരേഷ്ബാബു, ഐ.ടി. മേഖയിലാണെന്നും വിദേശത്തെവിടെയോ ജോലിയാണെന്നും ഒരിക്കല്‍ കേട്ടിരുന്നു. ''സാറിന്റെ അനുഗ്രഹവും സഹായവും ശ്രദ്ധയും ഇല്ലായിരുന്നെങ്കില്‍... '' അവന്റെ ഗദ്ഗദം അനുഭവിച്ചു. എട്ടാംക്ലാസ്സിലാരുന്നപ്പോഴാണ് അപകടത്തില്‍ അവന്റെ അച്ഛന്‍ മരിച്ചത്. നിരാലംബമായ കുടുംബത്തിന് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുരേഷ്ബാബു ക്ലാസ്സില്‍ വന്നുകണ്ടില്ല. അവനിനി പഠിക്കുന്നില്ലെന്ന് മറ്റു കുട്ടികള്‍ പറഞ്ഞു. അന്നുവൈകുന്നേരം വാസുമാസ്റ്ററെയും കൂട്ടി അവന്റെ വീട്ടില്‍വെന്നു. പഠിത്തം തുടരാന്‍ നിര്‍ബന്ധിച്ചു. ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. തനിക്ക് പരിചയമുള്ള ചിലരോട് വിവരം പറഞ്ഞ് അവന്റെ പഠിത്തത്തിന് ഏര്‍പ്പാട് ചെയ്തു. ഈ ഗണത്തില്‍ ബാബു മാത്രമായിരുന്നില്ല. മറ്റു പലരേയും പലപ്പോഴായി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒന്നും മനസ്സില്‍ ഓര്‍ത്തുവെക്കാറില്ല. 'വലതു കൈകൊണ്ട് നല്‍കുന്നത് നിന്റെ ഇടതുകൈ അറിയരുതെ'ന്ന നബിവചനമാണ് ഈക്കാര്യത്തില്‍ തന്റെ തത്വശാസ്ത്രം.
ഒഴിഞ്ഞുപോകുന്നവരെ വീട്ടില്‍ കൊണ്ടാക്കുക എന്ന ചടങ്ങിനായി എന്നെ കാത്ത് മറ്റുളളവര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ''വേണ്ട, ഇന്നു സാറിനെ ഞാന്‍ കൊണ്ടുപോകാം? ബാബു അവരോട് പറഞ്ഞു. ദൂരെ മാറി അവന്റെ കാര്‍ കിടപ്പുണ്ടായിരുന്നു. അടുത്തുതന്നെ സുന്ദരിയായ ഭാര്യയും. ''സാറിന്ന് വീട്ടില്‍ പോകുന്നില്ല. എന്റെ കൂടെ വരുന്നു.'' അവന്‍ മറ്റുള്ളവരോട് തെല്ലൊരപേക്ഷ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ, തന്റെ വീട്ടിലാരാണ്? രണ്ടുമക്കളില്‍ മകന്‍ വിദേശത്ത് മകള്‍ രാഷ്ട്രതലസ്ഥാനത്തില്‍. പെന്‍ഷനായാല്‍ അങ്ങോട്ടു ചെല്ലാന്‍ രണ്ടുപേരുടെയും ക്ഷണം. പക്ഷേ ഉഷയുടെ സാന്നിദ്ധ്യമുള്ള മ ണ്ണാണ് തനിക്കിഷ്ടം.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചെഞ്ചോര കണ്ട് ഭയന്നിട്ടോ ഭൂമിയിലെ വേര്‍പാടിന്റെ ദുഃഖം സഹിക്കാഞ്ഞോ എന്തോ. ദിവാകരന്‍ മുങ്ങാനൊരുങ്ങുന്നു. സുരേഷ്ബാബുവിന്റെ കാറില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. വിട. വിട. തനിക്കെല്ലാം തന്ന സരസ്വതി ക്ഷേത്രമോ ^തലമുറകളേ വിട. വിട.
Nini S.S.
Physical Science
No comments:
Post a Comment