അലയടിച്ചുയരുന്ന സമുദ്രമെ നീ നിന്റെ
പതിയാം വരുണനെ പുണരുന്ന സമയമെന്‍
മനസിന്റെ ചാഞ്ചല്യമൊന്നുമാത്രം എന്റെ
കണ്ണിനെ പായിച്ചു ഞാനാ സൌന്ദര്യത്തില്‍
കാറ്റിന്‍ വിരല്‍തൂമ്പിനാല്‍
എന്‍ മുടിയിഴകള്‍ മെല്ലെ പറക്കവെ
അമൃതമാം ഏതോ ഓരോര്‍മയില്‍ ലയിച്ചു ഞാന്‍
സുകൃതമാം എന്നമ്മയോടൊപ്പമായ്.
എനിക്കില്ല മറ്റൊരു ഭാഗ്യവും ഭൂമിയില്‍
അമ്മയാം പൂണ്യത്തിനൊപ്പമാകാന്‍
ഹോമിച്ചവള്‍ തന്റെ ജീവിതം മുഴുവനും
അന്യര്‍ക്കു വെട്ടമായ്ത്തീരുവാനായ്
ഇരുള്‍മൂടും ധരണിയില്‍ ഒളിവീശും സൂര്യന്റെ
പ്രതിരൂപമായവള്‍ മാറിമെല്ലെ.
തന്‍ ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍
വിശ്രമിച്ചില്ലവള്‍ തെല്ലുനേരം
ചില ഹ്രസ്വനിമിഷങ്ങള്‍ മാറ്റിവച്ചവള്‍ തന്റെ
ജീവിതയാത്രയെ അയവിറക്കാന്‍
ജീവിച്ചുതീര്‍ത്തതാം നാളുകളെല്ലാമും
അന്യര്‍ക്കുവേണ്ടിയെന്നോര്‍ത്തീടവെ
മനസ്സില്‍ തികട്ടിയ സ്മരണകളല്ലൊമെ
ഒരു ദീര്‍ഘനിശ്വാസമായൊതുങ്ങി
മെല്ലവെ മെല്ലവെ അസ്തമിച്ചു അവള്‍
ആഴിയില്‍ താഴുന്ന സൂര്യനെപ്പോല്‍.
എന്‍ ചുറ്റുപാടും പരക്കുന്ന കൂരിരുള്‍
പടരുന്നെന്‍ ശൂന്യമാം മനതാരിലും
ഒഴുകുന്ന കണ്ണുനീര്‍ കവിളിനെ പൊള്ളിച്ചു
നുരപൊങ്ങുമാഴിയില്‍ ലയിച്ചീടവെ
തിരിച്ചറിഞ്ഞിരുന്നു ഞാനമ്മ പകര്‍ന്നേകും
കൈതിരിവെട്ടത്തിന്‍ നിറശോഭയെ
ആ തിരിവെട്ടത്തെ മുറുകെപ്പിടിച്ചു ഞാന്‍
കാലിടറാതെ നടന്നീടവെ
ദൂരെയായ് കണ്ടതോ മെല്ലവെ ഉയരുന്ന
ചന്ദ്രബിംബത്തിന്റെ നിറനിലാവ്.
Jisha Devassykutty
English option
No comments:
Post a Comment