Pages

Tuesday, October 19, 2010

സ്ത്രീ ശാക്തീകരണം എന്ത്? എന്തിന്?

ലോകത്തെ എക്കാലത്തെയും ഏററവും വലിയ മര്‍ദ്ദിത ചൂഷിത വര്‍ഗ്ഗമായി സ്ത്രീകളെ കണക്കാക്കാം. ഇപ്പോഴും സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്  ഇതുതന്നെയാണ്. ലോകത്തെ 67% ജോലിയും ചെയ്യുന്നത് സ്ത്രീകളാണ്. എന്നാല്‍ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ 10% മാത്രമേ അവര്‍ സമ്പാദിക്കുന്നുള്ളു. അശാസ്ത്രീയമായ തൊഴില്‍ വിഭജനമാണ് ഈ വൈരുദ്ധ്യത്തിനു കാരണം. ഇത് പ്രകൃതി നിയമാണെന്ന് പറയുന്നതില്‍ ഒരു ന്യായീകരണമില്ല. ലിംഗവ്യത്യാസം (Sex) പ്രകൃതി നിശ്ചയിക്കുന്നതാണ്. സ്ത്രീയുടെ അണ്ഡത്തിലുള്ള X ക്രോമസോം, X ക്രോമസോം അടങ്ങിയ പുരുഷബീജവുമായിട്ടാണ് ചേരുന്നതെങ്കില്‍ പെണ്‍കുഞ്ഞുണ്ടാവുന്നു. സ്ത്രീയുടെ അണ്ഡത്തിലുള്ള X ക്രോമസോം Y ക്രോമസോം അടങ്ങിയ പുരുഷബീജവുമായിട്ടാണ് ചേരുന്നതെങ്കില്‍ ആണ്‍കുഞ്ഞുണ്ടാവുന്നു. രണ്ട് X ക്രോമസോമുകളുടെ സജീവസാന്നിദ്ധ്യം എപ്പോഴും സ്ത്രീകള്‍ക്ക് അനുകൂലഘടകമാണ്.
പുരുഷന് ശരീരത്തിന്റെ കരുത്ത് അനുകൂലഘടകമായി മാറുന്നു. പ്രകൃതി സ്ത്രീകള്‍ക്ക് പകരം നല്‍കുന്നത് ശരീരത്തിന്റെ ത്രാണിയാണ് ത്രാണി എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവാണ്. ജീവശാസ്ത്രപരമായി രണ്ടു X ക്രോമസോമുകളുടെ സാന്നിദ്ധ്യം സ്ത്രീക്ക് ത്രാണി പ്രദാനം ചെയ്യുന്നു.
ശാരീരികമായ കരുത്ത് ആവശ്യമുള്ള തൊഴില്‍ രംഗങ്ങളില്‍ പുരുഷന്‍ സ്ത്രീയേക്കാള്‍ മികവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആശയവിനിമയശേഷിയിലും കാര്യങ്ങള്‍ മുന്നിട്ടിറങ്ങി ചെയ്യുന്നതിലും സ്ത്രീ പുരുഷനേക്കാള്‍ മുന്നിലാണ്. സ്ത്രീ പുരുഷബന്ധത്തിന്റെ സൂത്രവാക്യം തീര്‍ച്ചയായും 1/2 + 1/2 = 1 എന്നുതന്നെയാണ്.
സ്ത്രീക്ക് ഒട്ടും പ്രതികൂലമല്ലാത്ത ഈ ലിംഗവ്യത്യാസം ഇവള്‍ക്ക് എങ്ങനെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു? സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് എല്ലാ രംഗങ്ങളിലും തുല്യപങ്കാളിത്തം ഉറപ്പാക്കാന്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? ഇതിന് കാരണം ലിംഗപദവിയാണ് (ജെന്റര്‍). ലിംഗപദവി എന്നാല്‍ സ്ത്രീക്കും പുരുഷനും സമൂഹം നിര്‍ണ്ണയിക്കുന്ന റോളുകളാണ്. 10 മാസം പ്രായമാവുമ്പോള്‍ തുടങ്ങി ലിംഗപദവി നിര്‍ണ്ണയിക്കപ്പെടുന്നു. കളിപ്പാട്ടങ്ങള്‍ നല്‍കുന്നതില്‍ പോലും ഇത് പ്രകടമാണ്. പെണ്‍കുട്ടികള്‍ക്ക് കളിക്കാന്‍ പാവ, ചൂല്‍, കുഞ്ഞിയും കറിയും വെച്ചു കളിക്കുന്ന പാത്രങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് കാറും, ലോറിയും തോക്കുമൊക്കെയാണ് നാം നല്‍കാറ്. സമൂഹം പ്രതീക്ഷിക്കുന്ന റോളുകളെക്കുറിച്ച് അവബോധം അത്രയും ചെറിയ പ്രായത്തില്‍ തന്നെ രൂപപ്പെടുന്നു. ഭരണരംഗത്തും പൊതുരംഗത്തും സ്ത്രീയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് ലിംഗപദവി സ്ത്രീയെ ബോധ്യപ്പെടുത്തുന്നു.
ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ ബഹുമുഖമായ കഴിവുകള്‍ ഉപയോഗപ്പെടാതെ പോകുന്നത് സമൂഹത്തിന് വലിയനഷ്ടം തന്നെയാണ്. പൊതുരംഗത്തേക്കും രാഷ്ട്രീയരംഗത്തേക്കും സ്ത്രീകള്‍ കടന്നുവന്നപ്പോള്‍ അതിനെ സംശയദൃഷ്ടിയോടെയാണ് സമൂഹം വീക്ഷിച്ചത്. അവരെ കഴിയുന്നത്ര നിരുല്‍സാഹപ്പെടുത്താനും ശ്രമിച്ചു.
ഈ അവസ്ഥ മാറ്റി സ്ത്രീയെ ഒരു സ്വതന്ത്രവ്യക്തിയായി മാറാന്‍ സഹായിക്കുന്ന പ്രക്രിയക്കാണ് സ്ത്രീ ശാക്തീകരണം എന്നുപറയുന്നത്. ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ ഇതിന് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന നിയമത്തിന്റെ പരിരക്ഷ സ്ത്രീക്കും കിട്ടിയേ തീരൂ. ഈ നിയമപരിരക്ഷ സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്തുന്നുണ്ട്.
സ്ത്രീകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം അനുവദിച്ചത് നിയമ പരിരക്ഷക്ക് ഉദാഹരണമാണ്. ആദ്യഘട്ടങ്ങളില്‍ മല്‍സരിക്കാന്‍ സ്ത്രീകളെ കണ്ടെത്തുക ദുഷ്കരമായിരുന്നു. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ ഭാര്യമാരോ, സഹോദരികളോ ബന്ധുക്കളോ മാത്രമാണ് സ്ഥാനാര്‍ത്ഥികളാകുവാന്‍ മുന്നോട്ടു വന്നത്. ഭരണരംഗത്തേക്ക് കടന്നുവന്ന സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാര്‍ നിഴല്‍പോലെ കൂടെയുണ്ടായിരുന്നു.
എന്നാല്‍ ആദ്യഘട്ടത്തിലെ ഈ വൈഷമ്യങ്ങള്‍ പതുക്കെ മാറി. രണ്ടാംഘട്ടത്തില്‍ സ്ത്രീകള്‍ ഭരണപാടവം പ്രകടിപ്പിച്ചുതുടങ്ങി. സ്ഥിതി സമത്വത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകള്‍ എന്തിന് സംവരണം ആവശ്യപ്പെടുന്നു എന്നുള്ളത് ഇപ്പോഴും ഉയര്‍ന്നു വരുന്ന ചോദ്യമാണ്. സംവരണം ഏര്‍പ്പെടുത്തിയതു കൊണ്ട് മാത്രമാണ് ഇത്രയധികം സ്ത്രീഭരണകര്‍ത്താക്കളുടെ സേവനം രാഷ്ട്രത്തിനു ലഭ്യമായത്.
പൊതുരംഗങ്ങളില്‍ ശക്തമായ സാന്നിധ്യമാവേണ്ടത് അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ് എന്ന ശക്തമായ സന്ദേശം സ്ത്രീകളിലെത്തണം. ഭര്‍ത്താവ്, അച്ഛന്‍, ഉദ്യോഗസ്ഥന്‍, ഭരണകര്‍ത്താവ് എന്നീ റോളുകള്‍ പുരുഷന്മാര്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നു. തീര്‍ച്ചയായും സ്ത്രീകള്‍ക്കും ഭാര്യ, അമ്മ, ഭരണകര്‍ത്താവ് എന്നീ റോളുകള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. എണ്ണത്തില്‍ കൂടുതലല്ലെങ്കിലും സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന പലരംഗങ്ങളിലും സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. അവിടെയെല്ലാം മികച്ച രീതിയില്‍ സേവനം അനുഷ്ഠിക്കാന്‍ അവര്‍ക്ക് സാധ്യമായിട്ടുണ്ട്.
''മനുഷ്യരാശിയുടെ പകുതിയോളം വരുന്ന സ്ത്രീകളെ മാറ്റിനിര്‍ത്തി ഒരു സാമൂഹ്യമാറ്റം പൂര്‍ണ്ണമാകുന്നില്ല.'' ലെനിന്റെ ഈ പ്രഖ്യാപനം ഈ അവസരത്തില്‍ അന്വര്‍ത്ഥമാണ്.

Dr. Mary Metilda,

Lecturer, Maharajas College, Ernakulam

No comments:

Post a Comment