Pages

Monday, November 8, 2010

അനാഥ

വണ്ടുകള്‍ പൂക്കള്‍ക്കിടയില്‍ പാറിപ്പറന്ന് ഉല്ലസിച്ച് നടക്കുന്നു. മീനുകള്‍ ചെറുഓളങ്ങളില്‍ നൃത്തം ചെയ്യുന്നു. പക്ഷികള്‍ തീറ്റയുമായി തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പറന്നെത്താന്‍ തിടുക്കം കൂട്ടുന്നു. ഭൂമിയില്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും. എന്തേ എനിക്ക് മാത്രം ഇതൊന്നും ഇല്ല. അവരെപോലെ തനിക്കും ഉണ്ടായിരുന്നു സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും നാളുകള്‍. എന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരെല്ലാം ഇപ്പോള്‍ എനിക്ക് കൂട്ടായി ഈ ലോകത്തില്ല. എനിക്ക് 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. ശേഷം അങ്ങോട്ട് എന്നേയും തഴെയുള്ള പറക്കമുറ്റാത്ത രണ്ട് സഹോദരിമാരെയും വളര്‍ത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു. വീട്ടുപണിക്കും മറ്റു കൂലിപ്പണിക്കുമെല്ലാം പോയി യാതൊരു വിശ്രവുമില്ലാതെ ഞങ്ങളെ വളര്‍ത്തി. അവര്‍ നന്നേ ചെറുപ്പമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിധവയാകേണ്ടിവരികയും ഞങ്ങള്‍ മൂന്ന് പറക്കമുറ്റാത്ത പെണ്‍കുട്ടികളെ പരിപാലിക്കുന്നതിലും.... ചുമക്കാവുന്നതിലും അധികമായിരുന്നു ആ ഭാരം. അതിന്റെ ക്ഷീണവും വിഷമവും ആ മുഖത്ത് നിഴലിച്ചിരുന്നു.
അമ്മ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നതില്‍ പിന്നെ അമ്മ വീട്ടുകാരും അച്ഛന്‍ വീട്ടുകാരുമായും യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. പക്ഷേ അധികനാള്‍ അമ്മയ്ക്ക് ആഭാരം ചുമക്കാന്‍ മനസ്സുവന്നില്ല. പട്ടിണിയും പരിവട്ടവും മൂലം താനും തന്റെ മക്കളും ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലത് 'മരിക്കുക' എന്നല്ലാതെ വേറെ ഒരു പോംവഴിയും ആ പാവം അമ്മ കണ്ടിരുന്നില്ല. ഒരുരാത്രി അമ്മ എനിക്കും എന്റെ സഹോദരിമാര്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിതന്നു. അമ്മയും കഴിച്ചു. ശാപമെന്നോണം ഞാന്‍ മാത്രം ജീവിച്ചിരിക്കുന്ന ഒരു അനാഥയായി മാറി. എന്റെ കൂടപ്പിറപ്പുകളും അമ്മയും ഇന്ന് ഈ ലോകത്തില്ല. അവര്‍ സമാധാനത്തിന്റെ ലോകത്തേക്ക് പോയിക്കഴിഞ്ഞു എന്ന സത്യം എനിക്ക് മരവിപ്പുണ്ടാക്കി. സ്വയം ശപിച്ചനാളുകള്‍. ശരിക്കും അനാഥത്ത്വത്തിന്റെ പടുകഴിയിലേക്കാണവര്‍ എന്നെ തള്ളിയിട്ടത്.
ഇനിയും എന്തോ അനുഭവിക്കാനുണ്ട് എന്ന് തോന്നി. പന്ത്രണ്ടാം വയസ്സില്‍ മനസ്സില്‍ മുള്ളുകള്‍ വേദനയുടെ കൂരമ്പുകള്‍ ആഞ്ഞുതറച്ചുകൊണ്ടിരുന്നു. മനസ്സ് പതറിയില്ല. പക്ഷേ ആര്‍ക്ക് എന്തിനുവേണ്ടിയുള്ള ജീവിതം. അവസാനിപ്പിച്ചാലോ! അതെ! തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ കരയാനോ ആരും തന്നെ ഇല്ല. അതെ അവള്‍ മനസ്സില്‍ ഉറപ്പിച്ചു. എത്രയുംവേഗം അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്തണം. അവള്‍ മുമ്പോട്ട് നീങ്ങി. പരിസരം വിജനമായിരുന്നു. ശബ്ദ കോലാഹലങ്ങളില്ല. അവള്‍ തന്നെ മാടിവിളിക്കുന്ന തിരമാലകളെ നോക്കി. അവള്‍ മരവിച്ച മനസ്സുമായികടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പെട്ടെന്ന് കാല്‍വഴുതി വീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. പിന്നീട് അവള്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് നരബാധിച്ച് കണ്ണുകള്‍ കുഴിയിലേക്ക് ഇറങ്ങി എല്ലുംതോലുമായ ഒരു മനുഷ്യരൂപം. വളരെ ജിഞ്ജാസയും ശാന്തവും, അനുകമ്പയും ആ മുഖത്ത് നിഴലിച്ച് നിന്നിരുന്നു. ഞാനെവിടെയാണ്. പറയൂ... പറയൂ.. എന്തിനാണിവിടെ വന്നത്. അവള്‍ ചാടി എഴുന്നേറ്റ് കൊണ്ട് ചുറ്റുംനോക്കി. തകര്‍ന്ന് വീഴാറായ ഒരു ചെറ്റക്കുടില്‍. ഒരു മൂലയില്‍ കലത്തില്‍ എന്തോ പുകയുന്നു. അവള്‍ ആകെ ക്ഷീണിതയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് നാളുകളായി. ആ വൃദ്ധന്‍ കുടിക്കാന്‍ എന്തോ നല്‍കി. ക്ഷീണം കൊണ്ട് അവള്‍ ആര്‍ത്തിയോടെ കുടിച്ചു. അവള്‍ ഒന്നും ചോദിച്ചില്ല. കാരണം അവള്‍ക്ക് മനസ്സിലായി അവള്‍ കടലിലേട്ട് ഇര്‍ങ്ങിപ്പോയപ്പോള്‍ ഒരു നിഴല്‍പോലെ ആ വൃദ്ധന്‍ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. ഛെ... എന്തിന് എന്തിനാണെന്നെ രക്ഷിച്ചത്. മരണത്തിനും എന്നെ വേണ്ട.  ഇത്ര ശാപം പിടിച്ചവളായിപ്പോയല്ലോ ഞാന്‍. അവള്‍ സ്വയം പിറുപിറുത്തു. ആ വൃദ്ധന്‍ ഒരു കപ്പലണ്ടി വില്‍പനക്കാരനായിരുന്നു. കടപ്പുറത്തായിരുന്നു അയാളുടെ കച്ചവടം. അയാള്‍ക്കും ആരുംതന്നെ ഉണ്ടായിരുന്നില്ല. അയാള്‍ പറഞ്ഞു നീ എനിക്ക് എന്റെ ചെറുമകളെ പോലെയാണ്. നിന്നെ ഞാന്‍ നോക്കിക്കൊള്ളാം.
നീ എന്റെ കൂടെ  താമസിച്ചോളൂ. അവള്‍ക്ക് അത് വലിയൊരാശ്വാസമായിരുന്നു. ഇല്ല ഞാന്‍ അനാഥയല്ല. മതി. .. ശാപം പിടിച്ച ജന്മമല്ല എന്റേത്. അവള്‍ ആശ്വസിച്ചു. എന്നും ആ വൃദ്ധന്‍ രാവിലെ കച്ചവടത്തിന് പോവുകയും വൈകിട്ട് നിറയെ പലഹാരങ്ങളും മറ്റും അവള്‍ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. അവള്‍ക്ക് പുതിയ ജന്മമാണത്.
അന്ന് പതിവുപോലെ അപ്പൂപ്പന്‍ പോയി. അവള്‍ അപ്പൂപ്പനെ കാത്തു മുറ്റത്ത് കണ്ണുംനട്ടിരുന്നു. ഇന്ന് അപ്പൂപ്പന്‍ വരുമ്പോള്‍ ഒരു സമ്മാനം നല്‍കണം. അവള്‍ സ്വയം തുന്നിയ ഒരു തൊപ്പിയായിരുന്നു അത്. മനോഹരമായ വര്‍ണ്ണനൂലില്‍ തുന്നിയ ഒരു നൂല്‍തൊപ്പി, അവള്‍ ആ തൊപ്പിയുമായി മുറ്റത്ത് ഇരിക്കുകയാണ്. സന്ധ്യയായി; അപ്പൂപ്പനെ കാണുന്നില്ല. സമയം അര്‍ദ്ധരാത്രിയായിട്ടും കാണുന്നില്ല. അവള്‍ക്ക് ആധിയായി. എന്തേ എന്തുപറ്റി അപ്പൂപ്പന്. അവള്‍ക്ക് പേടിയും സങ്കടവും കൂടിവന്നു. കുയിലുകള്‍ കൂവുന്നു, കാക്കകള്‍ കരയുന്നു, നേരം വെളുത്തിരിക്കുന്നു. എന്തെന്നില്ലാത്ത ഒരു അന്തരീക്ഷം.
അവള്‍ അപ്പൂപ്പനെ തിരയുകയാണ്. അവള്‍ അപ്പൂപ്പനെ തേടി കടപ്പുറത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല. കുട്ടകളും മരങ്ങളും കുറേമനുഷ്യരും ജീവച്ഛവമായി കിടക്കുന്നു. അതില്‍ ഒന്നിലും അപ്പൂപ്പനെ കാണാന്‍ കഴിഞ്ഞില്ല. കുറെ ആളുകള്‍ ക്യാമറയും മറ്റുമായി ഓടിവരുന്നു. അവള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.00 മണിയോടെ ആയിരുന്നു സംഭവം. അതെ! 'സുനാമി' എന്ന ഭീകരത ആ കടലിനെയും ജീവജാലങ്ങളെയും കുറെ മനുഷ്യരെയും കൊണ്ട് പോയിരിക്കുന്നു. അതില്‍ തന്റെ അപ്പൂപ്പന്‍.... ദൈവമേ! വിധി വീണ്ടും എന്നെ അനാഥയാക്കി. പക്ഷേ ഇപ്പോള്‍ അവള്‍ക്ക് സങ്കടമില്ല. ആകെ ഒരു മരവിപ്പ് മാത്രമേ ഉള്ളൂ. പക്ഷേ അവള്‍ ഉറപ്പിച്ചു. മരണത്തിന് എന്നെ പേടിയാണ്. അങ്ങനെയുള്ള ഞാന്‍ എന്തിന് മറ്റുള്ളവയെ പേടിക്കണം.... അവള്‍ തന്റെ ജീവിതയാത്ര തുടര്‍ന്നു. ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളെ തേടി...

Mafeedha Shanas,

Natural Science.

No comments:

Post a Comment