കാല്‍പ്പാടുകള്‍ ചുരണ്ടിയെടുത്ത്
ഭൂമിയുരച്ചുണ്ടാക്കിയ ഈ വഴി
വേലി കെട്ടിത്തിരിക്കാത്ത
മലമുകളിലെ എന്റെ വീട്ടിലേക്ക്....
അടുക്കളയില്‍ കാട്ടുമൃഗങ്ങളുടെ കുടലുകള്‍,
കിടപ്പറയില്‍ മുഷിഞ്ഞ തുണികളുടെ കുട്ടവാട
ചുവരുകള്‍ അടര്‍ന്നു തുടങ്ങിയിട്ടും
ഒന്നു മെഴുകിയിടാന്‍ പോലും മിനക്കെടാത്തവന്റെ വീട്!
ആഴ്ചയിലൊരിക്കല്‍ കുതിരപ്പുറത്ത്
നഗരത്തിലൊന്നു പോകും.
അല്ലാത്തപ്പോള്‍ കുതിരയെ
മേയാന്‍ വിടും.
പൂക്കാലത്തെ വിളവെടുപ്പില്‍,
മുന്തിരി വീഞ്ഞിന്റെ ലഹരിയില്‍,
താഴ്വാരയില്‍ നിന്നു നോക്കുന്നവര്‍ക്ക്
ഞാനും കുതിരയും പറഞ്ഞുകേട്ട നിഴലുകള്‍.
വിശപ്പൊടുങ്ങാത്ത ഒരു പകലില്‍
ലായത്തിലെ ഉണക്കപ്പുല്ല് ചവച്ചിറക്കി.
വറ്റിയ കിണറ്റിലിറങ്ങി
അവസാന തുള്ളിയും കുടിച്ചു.
താഴ്വരയില്‍ പൂക്കാലം,
മുന്തിരിവീഞ്ഞിന്റെ മധുരം,
എനിക്കതൊന്നും വേണ്ട
ഞാനാരേയും അന്വേഷിക്കുന്നുമില്ല.
കൊടുങ്കാറ്റടിച്ച്, വിളവുകളൊടുങ്ങിയെന്നും
ഞാനൊരു ദുര്‍മന്ത്രവാദിയാണെന്നും
മലകയറി വന്നവരുടെ ചാട്ടവാറടികള്‍
എനിക്ക് പറഞ്ഞു തന്നു.
അവരെന്റെ കുതിരയെ ചുട്ടുകൊന്നു.
അന്നുരാത്രി, അതിന്റെ
വെന്തുപോയ കണ്ണുകള്‍ ഭക്ഷിച്ച്
ഞാന്‍ വിശപ്പടക്കി!
നഗരത്തിലേക്ക് ഇന്നു നടന്നുപോയി.
പൂക്കാരിയെന്റെ കുതിരയെ ചോദിച്ചു,
ഒരു രാത്രിക്ക് ക്ഷണിച്ചു.
ഞാന്‍ പോകുന്നില്ല,
ഈ രാത്രി ആത്മഹത്യ ചെയ്യാനാണെന്റെ തീരുമാനം.
രതീഷ് വി.ടി.
English
No comments:
Post a Comment