Pages

Monday, November 8, 2010

ബാല്യകാല ഓര്‍മ്മകള്‍

അവധിക്കാലമായതുകൊണ്ട് മോളെയും കൂട്ടി ഉമ്മയുടെ തറവാട്ടില്‍ എത്തിയപ്പോള്‍, മോള്‍ ഓടി കളിക്കുന്നതിനിടയില്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കേറിയതും ഞാന്‍ അറിയാതെ പറഞ്ഞുപോയി. ''മോളേ മുറിയിലെ കുറ്റിയിടരുത്.''
അത് കേട്ട അമ്മായി പറഞ്ഞു. ''അതില്‍ ഇപ്പഴും കുറ്റിവെച്ചിട്ടില്ല.'' ഞാനറിയാതെ എന്റെ മനസ്സ് നാലുവയസ്സുള്ള കുഞ്ഞുടുപ്പുകാരിയാവുന്നതും, ബാല്യകാലത്തെ ആ കുസൃതി ഒരു 'ഭയാനക' സംഭവമായതും ഇന്നും അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു 'ഭയം' മനസ്സിനെ വലയം ചെയ്യുന്നതും ഓര്‍ത്തുപോയി.
വീട്ടില്‍ ഉമ്മാമ്മയും ഉമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കുഞ്ഞുകളിപ്പാട്ടവുമായി ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. ഓര്‍ക്കാതെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. വീട്ട് സാധനങ്ങള്‍ എല്ലാം സൂക്ഷിക്കുന്ന മുറിക്ക് മുകളില്‍ ചെറിയ ഒരു കുഞ്ഞ് ജനാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ മുകളിലത്തെ നിലവഴി മാത്രമേ അവിടെ എത്താന്‍ കഴിയൂ.
ഞാന്‍ വാതില്‍ തുറക്കാന്‍ കിട്ടാതെ നിന്ന് കരയാന്‍ തുടങ്ങി. അത് കേട്ട് പുറത്ത് നില്‍ക്കുന്ന ഉമ്മമാരും വിഷമിച്ചു. അവര്‍ പറയുന്നപോലെ ചെയ്തിട്ടും കുറ്റിതുറക്കാന്‍ പറ്റുന്നില്ല.
സ്കൂളില്‍ ക്രിക്കറ്റ് കളികാണാന്‍ പോയ എന്റെ മൂത്തവരും കുഞ്ഞുമാമയും ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ വീട്ടില്‍ വലിയ 'സങ്കടാവസ്ഥ'. എല്ലാവരും മുകളിലെ മച്ചില്‍ കയറി കുഞ്ഞ് ജനാലിലൂടെ എന്നെ നോക്കുന്നുണ്ട്. ''വാതില്‍ കുറ്റി അങ്ങനെയാക്ക്', ഇങ്ങനെ പിടിച്ച് തിരിക്ക്'' എന്നൊക്കെ അവര്‍ പറയുന്നുണ്ട്. പക്ഷേ കരഞ്ഞുതളര്‍ന്ന എനിക്ക് ഒന്നിനും കഴിഞ്ഞില്ല.
അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ അവിടെകിടന്ന 'ചൂല്‍' പൊക്കി കാണിക്കും. അതിന്റെ അറ്റം മാത്രമേ മുകളിലെ ജനാല വഴി അവര്‍ക്ക് കാണാന്‍ കഴിയൂ.
എല്ലാവരും പറഞ്ഞും, ഞാന്‍ കരഞ്ഞും തളര്‍ന്നു.
ഗത്യന്തരമില്ലാതെ വാതില്‍ ചവിട്ടി തുറക്കാന്‍ തീരുമാനിച്ചു. ഒരുവിധം 'മസില്‍' ശക്തിയുള്ള എന്റെ കുഞ്ഞ് മാമക്ക് ശക്തി തെളിയിക്കാനുള്ള ഒരു അവസരമായി ഞാന്‍ വാതില്‍ അടച്ചത്. മാമ സര്‍വ്വശക്തിയുമെടുത്ത് ചവിട്ടി, അവസാനം കുറ്റിപറഞ്ഞ് വാതില്‍ തുറന്നു.
അങ്ങിനെ മണിക്കൂറുകള്‍ കഴിഞ്ഞ് ഞാന്‍ പുറത്തുവന്നു. മാമ എന്നെ വാരിയെടുത്ത് വട്ടംകറക്കി.
കുഞ്ഞു കുസൃതികുടുക്ക ഇങ്ങനെയൊരു പണിപറ്റിച്ചത് ഇന്നും ഒരു ഓര്‍മ്മമായി അവര്‍ സൂക്ഷികുന്നു.
ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപ്പാപ്പ ആ വാതിലില്‍ കുറ്റിവെക്കാന്‍ സമ്മതിച്ചിട്ടില്ല. എന്റെ ഈ കുഞ്ഞികഥ കേട്ട് മോള്‍ കളിയാക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
''അയ്യേ; ഈ ഉമ്മച്ചിക്ക് വാതിലിന്റെ കുറ്റി തുറക്കാന്‍ പോലും അറിയില്ലേ? ഷെയിം... ഷെയിം....!!!

ജെസീന ഇര്‍ഷാദ് ,
കോമേഴ്സ്

No comments:

Post a Comment