അധ്യാപകന് ഒരു തത്വജ്ഞാനി, നിഗൂഢതകളുടെ കുരുക്ക് അഴിച്ചെടുക്കുന്ന തത്വജ്ഞാനം ലോകത്തിന് നല്‍കാന്‍ നിയോഗം ലഭിച്ച് ഭൂമിയിലേക്ക് അയക്കപ്പെട്ടവര്‍. ലോകത്തിന്റെ ഇരുളില്‍ വെളിച്ചം ആവശ്യമുണ്ടെങ്കില്‍ ദൈവങ്ങള്‍ തത്വജ്ഞാനികളായ അദ്ധ്യാപകരെ സൃഷ്ടിക്കും. അദ്ധ്യാപകന്‍ തത്വജ്ഞാനിയാണ്, തത്വജ്ഞാനി ദയാലുവാണ്, ദയ കാട്ടാന്‍ കിട്ടുന്ന ഒരവസ്സരവും പാഴാക്കുന്നില്ല. അത് അദ്ധ്യാപകന് മഹത്വം നല്‍കുന്നു. അദ്ധ്യാപകന്റെ കരുണയും സ്നേഹവും വിദ്യാര്‍ത്ഥിയെ അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന് പുറത്തേക്ക് നയിക്കുന്ന പ്രകാശമാകുന്നു. അധ്യാപകന് അധ്യാപനമില്ലാതെ ജീവിക്കാനാവില്ല.
ചരിത്രനായികന്മാര്‍, തത്വജ്ഞാനികള്‍ ഇവരെക്കുറിച്ചുള്ള പഠനം വിദ്യാഭ്യാസത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യന് പഠിക്കാനുള്ള പാഠങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍ അവന്റെ സംസ്കാരിക പൈതൃകത്തില്‍ നിന്ന് ഉരുത്തിരിയേണ്ടതാണ്. അവന്റെ സ്വപ്നങ്ങളില്‍ ഇതിഹാസങ്ങളിലെ വീരനായകന്മാരുണ്ടാവണം. അവര്‍ അനുഭവിച്ച ദുരന്തങ്ങള്‍, മനുഷ്യസമൂഹത്തിന് നല്‍കിയ ആത്മത്യാഗങ്ങള്‍, അവരുടെയും പൂര്‍വ്വികരുടെയും തെറ്റുകള്‍ക്ക് നല്‍കേണ്ടിവന്ന കനത്തവില എല്ലാം ഉണ്ടാവണം.
ചരിത്രത്തിലെ നന്മകള്‍ തിരിച്ചറിയുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യന്‍ ഉണ്ടാവുന്നത്. അവര്‍ക്ക് മാത്രമേ വിജയകരമായി ജീവിക്കാനാവൂ. പ്രാകൃതമായ മൃഗവാസനകളില്‍ നിന്ന് യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള യാത്രയില്‍ വിദ്യാര്‍ത്ഥിയെ നയിക്കുന്നത് ചരിത്രബോധമുള്ള, തത്വജ്ഞാനിയായ അദ്ധ്യാപകന്‍, ചരിത്രം വാഴ്ത്തുന്ന ഗുരുക്കന്മാരുടെ പീഢനത്തിന്റെയും ആത്മത്യാഗത്തിന്റെയും കഥകളെക്കുറിച്ചുള്ള അറിവ് അദ്ധ്യാപകനെ നന്മയുടെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ തമ്പുരാനാക്കുന്നു.
ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന തത്വജ്ഞാനികളും ഗുരുക്കന്മാരും, ബൌദ്ധിക അടിമത്വത്തിന്റെയും അസൂയയുടെയും കരാളഹസ്തങ്ങളില്‍ പെട്ട് ശ്വാസംമുട്ടി പിടഞ്ഞവര്‍, കാലത്തിന്റെ ബലിമൃഗങ്ങള്‍, വിജ്ഞാനം കൊണ്ട് ലോകത്തെ അന്ധകാരത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ച വിശ്വപ്രസിദ്ധ തത്വജ്ഞാനി സോക്രട്ടീസ് ഗുരു കാലത്തിന്റെ ബലിമൃഗം. ഗുരുവിന്റെ ബലിയിലൂടെ ഏതന്‍സിലെ ജനങ്ങള്‍ ആദയമായി തത്വശാസ്ത്രത്തോട് പാപം ചെയ്തു.
മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗുരു അരിസ്റ്റോട്ടില്‍, സോക്രട്ടീസിന്റെ ശിഷ്യനായ, യവനലോകത്തെ ഏറ്റവും വലിയ ചിന്തകന്‍ പ്ലാറ്റോയുടെ ബുദ്ധിമാനായ പിന്‍ഗാമി, വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ അരിസ്റ്റോട്ടില്‍ ഗുരു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വിശ്വവിജ്ഞാനകോശം പൂര്‍ത്തിയാക്കാനാവാതെ, തന്റെ ഭാര്യയുടെ പൈതൃക സ്വത്ത് മുഴുവന്‍ ചെലവഴിച്ച് തുടങ്ങിയ വിദ്യാലയത്തില്‍നിന്ന് പടിയിറങ്ങി കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞു. അരിസ്റ്റോട്ടില്‍ ഗുരുവും കാലത്തിന്റെ ബലിമൃഗം.
വിജ്ഞാനത്തിന് നല്‍കാന്‍ കഴിയാത്ത ലോകസമാധാനം, ലോകം മുഴുവന്‍ ഒറ്റഭരണത്തിന്‍ കീഴില്‍ ആയാല്‍ നേടാന്‍ കഴിയുമെന്ന് സ്വപ്നം കണ്ട്, അതിനുവേണ്ടി സ്വന്തം ജീവിതവും ജീവനും ബലി നല്‍കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി, ലോകസ്വതന്ത്യ്രം എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി ലോകത്തിന്റെ ഭൂരിഭാഗവും കാല്‍കീഴിലാക്കാന്‍, മനുഷ്യന് ദൈവങ്ങള്‍ അനുവദിച്ച അവസാന അതിരുകള്‍ വരെയും എത്തിച്ചേരാന്‍ വിജ്ഞാനത്തിന്റെ ആത്മധൈര്യം നല്‍കി, ഒരു പ്രഭാതനക്ഷത്രത്തെപ്പോലെ വഴിതെളിച്ച ഗുരു അരിസ്റ്റോട്ടില്‍, രണ്ടുപേരും കാലത്തിന്റെ ബലിമൃഗങ്ങള്‍.
ലോക സമാധാനത്തിന് വിജ്ഞാനത്തിന്റെ വഴി തെരഞ്ഞെടുത്ത സോക്രട്ടീസും വാളിന്റെ വഴി തെരഞ്ഞെടുത്ത അലക്സാണ്ടറും പരാജയപ്പെടുകയായിരുന്നു. സഹനത്തിന്റെ വഴിയിലൂശട ലോകജനതയെ അന്ധകാരത്തില്‍നിന്ന് കരകയറ്റാന്‍ സാധ്യമാകൂ എന്ന പഠിപ്പിച്ച മഹാനായ ഗുരു യേശുക്രിസ്തു. അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ സമാധാനത്തിനുവേണ്ടി ജീവിച്ച മഹാത്മാഗാന്ധി, ഗുരുക്കന്മാരുടെ വേദനകള്‍ മഹല്‍വ്യക്തികളുടെ ത്യാഗം എല്ലാം അദ്ധ്യാപകനെ ഉന്നതമായ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്നു.
ലോകം മുഴുവന്‍ കാല്‍കീഴിലായപ്പോഴും ഗുരു അരിസ്റ്റോട്ടിലിന്റെ ശിഷ്യന്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി, ഏതന്‍സിലെ തെരുവിലൂടെ പട്ടാപ്പകല്‍ വിളക്കുമായ് ഒരു യാര്‍ത്ഥമനുഷ്യനെ അന്വേഷിച്ചു നടന്ന തത്വജ്ഞാനി ഡയോജനിസിന്റെ ജീവിതം കൊതിച്ചിരുന്നു.
ഭൂമിയില്‍ അഗ്നി ഇല്ലാതിരുന്ന കാലത്ത് ദേവലോകത്ത് നിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യര്‍ക്ക് നല്‍കി കഷ്ടതയകറ്റിയ അമാനുഷികന്‍ പ്രൊമിത്യൂസ് എന്ന് ഹോമറിന്റെ ഇതിഹാസം. സ്യൂസ്സ് ദേവന്‍ അതിന് കടുത്ത ശിക്ഷ നല്‍കി. പ്രൊമിത്യൂസിനെ പാറയോട് ചേര്‍ത്ത് ചങ്ങലയില്‍ ബന്ധിച്ചു. സ്യൂസ്സ് ദേവന്‍ അയച്ച കഴുകന്‍ അദ്ദേഹത്തിന്റെ കരള്‍ കൊത്തിപ്പറിച്ച് ആഹാരമാക്കുന്നു. വീണ്ടും കരള്‍ പൂര്‍വ്വസ്ഥിതിയിലാകുകയും കഴുകന്‍ ദിവസവും കൊത്തിപ്പറിച്ച് ആഹാരമാക്കുകയും ചെയ്യുന്നു. മരണം വരെ ഈ കഠിനവേദന അദ്ദേഹം അനുഭവിച്ചു. ഭൂമിക്ക് വെളിച്ചം നല്‍കിയതിന് പകരമായ് പ്രൊമിത്യൂസ്സിന് നല്‍കേണ്ടിവന്നത് സ്വന്തം ബലിയും കഠിനവേദനയും. പ്രൊമിത്യൂസ്സ് അഗ്നി ഭൂമിയില്‍ കൊണ്ടുവന്ന ദിവസം ഏതന്‍സില്‍ പ്ലാറ്റോ ഗുരുവിന്റെ അക്കാദമിയില്‍ വിദ്യാരംഗദിനമായി ആചരിച്ചിരുന്നു.
ചരിത്രനായകന്മാരും തത്വജ്ഞാനികളും ഗുരുക്കന്മാരും സ്വയം ബലി നല്‍കുകയും കഠിനവേദന അനുഭവിക്കുകയും ചെയ്തവരാണ്. വിദ്യയുള്ള കാലത്തോളം പ്രൊമിത്യൂസ്സുമാരുടെ വേദനയുമുണ്ടാകും.
ചാന്ദ്നി ഷാജി
പ്രിന്‍സിപ്പാള്‍
അവലംബം
യതി - ചരിത്രനോവല്‍
ടി.ഒ. ഏലിയാസ്സ്.
No comments:
Post a Comment