Pages

Tuesday, October 19, 2010

തീവ്രവാദവും ദേശീയ പുരോഗതിയും

ഒരു പ്രത്യേക ആശയം പ്രാവര്‍ത്തികമാക്കാന്‍ വളരെ തീവ്രമായ വഴികള്‍ ഉപയോഗിക്കുക ഇതിനെയാണ് സാധാരണയായി തീവ്രവാദം എന്നു പറയുന്നത്. ഇത് ആശയപരമായതുകൊണ്ട് ആയുധപരമായി എണ്ണപ്പെടുന്നു. തീവ്രമായ ആശയങ്ങള്‍ എന്നും ചുറുചുറുക്കും ചോരത്തിളപ്പുമുള്ള യുവത്വത്തിന്റെ വഴികളായിരുന്നു.
നാം ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ എവിടെയും നമുക്ക് തീവ്രവാദങ്ങള്‍ കാണാന്‍ കഴിയും. നിലനില്‍ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥതിക്കുനേരെ കലഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ അവര്‍ ആ കാലഘട്ടത്തില്‍ തീവ്രവാദികള്‍ എന്ന് എണ്ണപ്പെട്ടുപോന്നു. നമുക്ക് അത് ചരിത്രത്തില്‍ പലയിടത്തും കാണാന്‍ കഴിയും. ഉദാഹരണമായി ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലെ ധീരനായ രക്തസാക്ഷി ഭഗത്സിംഗിനെ ബ്രിട്ടീഷുകാര്‍ അന്ന് വിളിച്ചത് തീവ്രവാദി എന്നായിരുന്നു. പറഞ്ഞു വന്നത് തീവ്രവാദം എന്നത് ഒരു നവലോകക്രമത്തിന്റെ മാത്രം ഭാഗമല്ല. മറിച്ച് അത് പണ്ടുമുതലേ നിലനിന്ന ഒരു ചിന്താധാരയായിരുന്നു. അല്ലെങ്കില്‍ ഒരു പ്രവര്‍ത്തനമാര്‍ഗ്ഗമായിരുന്നു.
സാധാരണമായി ചരിത്രം അങ്ങനെയാണെന്ന് കഴിഞ്ഞുപോയതിനെ വ്യാഖ്യാനിക്കാനും പല തിന്മകള്‍ക്ക് ത്യാഗത്തിന്റെ മഹത്വം ചാര്‍ത്താനും ചരിത്രം ശ്രമിക്കാറുണ്ട്. പക്ഷേ ഇന്നിന്റെ ജീര്‍ണ്ണതകള്‍ക്കതിെരെ ശരിയല്ലാത്ത ഒരു പോരാട്ടം അതായിരുന്നു തീവ്രവാദികള്‍ എല്ലാകാലവും ചെയ്തത്. ഒരുതരം മസ്തിഷ്ക പ്രക്ഷാളനത്തില്‍ അകപ്പെട്ട അവര്‍ തങ്ങള്‍ക്കു ശരി എന്നുതോന്നുന്ന ഒന്നിനുവേണ്ടി ജീവന്‍ പണയംവെച്ചും പോരാടുന്നു. സമൂഹത്തിന്റെ മനസ്സില്‍ കനല്‍ കോരിയിടുന്നു. സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചാരത്തില്‍നിന്നും കനല്‍ ഊതിയെടുക്കുന്നു.
ഇത്തരത്തില്‍ ഒരു സമൂഹം അല്ലെങ്കില്‍ ഒരുകൂട്ടം കഴ്ചവെക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ദേശീയ പുരോഗതിയെ ഏതുതരത്തില്‍ ബാധിക്കുന്നു എന്നതാണ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടത്. സത്യത്തില്‍ ഭീകരതിവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ അനന്തഫലങ്ങളും. ഇക്കാരണങ്ങള്‍ നമുക്ക് മതപരമെന്നും, സാമൂഹികപരമെന്നും ഒരു പൊതുവായ അര്‍ത്ഥത്തില്‍ തരം തിരിക്കാം.
ആദ്യമായി നമുക്ക് മതപരമായ തീവ്രവാദത്തെ എടുക്കാം. കാരണം അതാണ് ഇന്നിന്റെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാകുന്നത്. ഇതിലേക്ക് പോകുന്നതിനുമുമ്പായി അടുത്തിടെ നമ്മുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഒരു ഉദ്ധരണി: ''എല്ലാ മുസ്ലികളും തീവ്രവാദികളല്ല. പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലികളാണ്.'' എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? വളരെ പച്ചയായ ഒരു മുന്‍വിധിയോടെയുള്ള വര്‍ത്തമാനം. ഒരു സമുദായത്തെ മൊത്തത്തില്‍ തീവ്രവാദികള്‍ എന്നു മുദ്രകുത്തുക എന്നത് എത്രത്തോളം അപലപനീയമാണ്? ഇനി മറ്റൊരു സംഭവം. തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മുസ്ലിമായ മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവന്റെ ബാപ്പ പറഞ്ഞ വാക്കുകള്‍. ''അവന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല. കാരണം അവന്‍ അഞ്ചുപ്രാവശ്യം നമസ്കരിക്കാറില്ല. നോമ്പു നോല്‍ക്കാറില്ല എന്നല്ല. അത്തരത്തില്‍ മതപരമായി ഒന്നു ചെയ്യാറില്ല.'' എന്താണിതിന്റെ ഉളളിലടക്കിയിരിക്കുന്നത്. ഒരു തീവ്രവാദി എന്നാല്‍ കൃത്യമായി ഇസ്ലാമിക ചിട്ടവട്ടങ്ങളോടെ ജീവിക്കുന്ന ഒരുവന്‍ എന്നല്ലേ അതിനര്‍ത്ഥം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണമാണ്. ഒരു വിശ്വാസ സംഹിതയുമായി മുന്നോട്ടുപോകുന്ന ഒരുകൂട്ടം ജനങ്ങളെ തീവ്രവാദികള്‍ എന്നു മുദ്ര കുത്തുന്നു. ഇങ്ങനെ ആടിനെ പട്ടിയാക്കി, പട്ടിനെ  പിന്നീട് പേപ്പട്ടിയാക്കി അതിനെ തല്ലിക്കൊല്ലുന്ന ഒരുതരം കപടനാടകം ഇത് നമ്മുടെ നാട്ടില്‍ നടക്കുന്നു. ഇതിന്റെ ബാക്കിപത്രമെന്ന നിലയ്ക്കാണ് നമ്മുടെ നാട്ടില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ വരെ നമുക്ക് കാണേണ്ടി വരുന്നത്.
ഇങ്ങനെ ശക്തമായ സാമൂഹിക ഉന്മൂലനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നായി മാറിയിരിക്കുന്നു ഭീകരവേട്ട. ഇതിന്റെ പേരില്‍ നടക്കുന്ന 'ഇരയാക്കപ്പെടലുകള്‍' അവയുടെ പരിണിതഫലങ്ങള്‍ വളരെ ഏറെയാണ്. മുംബൈ പട്ടണത്തിന്റെ പലയിടത്തും മുസ്ലിം പേരുള്ള ഒരാള്‍ക്കും വീടു കിട്ടില്ല. അതിനു കാരണമായി അവര്‍ പറയുന്നതിന് പോലീസിന്റെ നിരന്തര അന്വേഷണങ്ങളാണ്. മുസ്ലീം പേരുള്ള ഒരാള്‍ക്കും ഇന്നു രക്ഷയില്ല. എന്തിന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിപോലും മുസ്ലി പേരുകാരനായതിനാല്‍ മണിക്കൂറുകളോം അമേരിക്കന്‍ വിമാനതാവളത്തില്‍ പരിശോധന വേണ്ടിവന്നു.
പറഞ്ഞു വരുന്നത് തീവ്രവാദം എന്നത് ഇല്ല എന്നല്ല മറിച്ച് അതിന്റെ പേരില്‍ ഒരുസമുദായം ആകമാനം പ്രതികൂട്ടില്‍ നിര്‍ത്തപ്പെടാന്‍ പാടില്ല എന്നതാണ്. തങ്ങള്‍ ഈ നാട്ടില്‍ അരക്ഷിതരാണ്. അല്ലെങ്കില്‍ ഇവിടെ തങ്ങളുടെ ദേശകൂറ് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളത് അവരെ ഒരു പക്ഷേ മാറി ചിന്തിക്കാന്‍ ഇടവരുത്തും എന്നുള്ള വളരെ പ്രതിലോമകരമായ ഒരു കാര്യത്തിലേക്കാണ് ഇവിടെ വിരല്‍ചൂണ്ടുന്നത്. തീവ്രവാദത്തിന് മതമില്ല എന്ന് നാം തിരിച്ചറിയുന്നിടത്ത് അതിന്റെ യഥാര്‍തഥ പോംവഴികള്‍ ആരംഭിക്കുന്നുള്ളു. ഇസ്ലാം എന്ന പേരിനു തന്നെ സമാധാനം എന്നാണര്‍ത്ഥം. പിന്നെ എങ്ങനെ ആ മതത്തിന് ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകും. അതാണു പറയുന്നത് തീവ്രവാദത്തിനു മതമില്ല മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തീവ്രമായതൊന്നും മതമല്ല.
ഇനി നാം ചര്‍ച്ച ചെയ്യേണ്ടത് സാമുദായികമായി തീവ്രവാദമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'മണ്ണിന്റെ മക്കള്‍ വാദം'. ഇത് മഹാരാഷ്ട്രയിലെ മഹാരാഷ്ട്ര നവ് നിര്‍മാണ്‍ സേന മുതല്‍ ആസാമിലെ ബോര്‍ഡോ  ഉള്‍ഫ തീവ്രവാദികള്‍ വരെയുള്ളവര്‍ ഇതില്‍ ഭാഗഭാക്കാണ്. പലരുടെയും ലക്ഷ്യം ഫെഷറേഷനു കീഴില്‍ സ്വന്തം സംസ്ഥാനമോ അല്ലെങ്കില്‍ സ്വതന്ത്രരാജ്യമോ ആണ് താനും. ഇത് അങ്ങേയറ്റം അപകടരമായത് എന്നു മാത്രമല്ല രാഷ്ട്ര പുരോഗതിക്ക് തടസ്സം നില്‍ക്കുന്നതാണ്. ഇതിന്റെ പോംവഴികള്‍ക്ക് നാം ഉത്തരം തേടേണ്ടത് നേരത്തെ പറഞ്ഞതുപോലെ ഇതിന്റെ ഉത്ഭവത്തില്‍ നിന്നാണ്.
1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍ അതിനും എത്രയോ മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ നാട്ടുരാജ്യങ്ങള്‍ എല്ലാം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും അവയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചു. വിഘടിച്ചു നിന്നവയെ വല്ലഭായ് പട്ടേല്‍ പോലുള്ളവരുടെ ശ്രമഫലമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. എന്നാല്‍ കാലാകാലങ്ങളായി സര്‍ക്കാറുകളുടെ ചെയ്തികള്‍ ഒരു പരിധിവരെ എങ്കിലും ഇവരെ ഇതില്‍നിന്നും മാറ്റി ചിന്തിപ്പിച്ചു. ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ലഭിക്കും. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമങ്ങള്‍, കാശ്മീരിലെ നിയമങ്ങള്‍ തുടങ്ങി അനേകം. ഒന്നായി കണേണ്ട ഒരു രാഷ്ട്രത്തിലെ പൌരന്മാരെ പല നിയമങ്ങള്‍ കൊണ്ടും പലതായി കീറിമുറിക്കുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ മണിപ്പൂരില്‍ നിന്നുള്ള 'ഇറോം ശാനു ശര്‍മ്മിള'യെ പോലെയുള്ളവര്‍ കാലങ്ങളായി നിരാഹാരത്തിലാണ്. ഇതിനുപരിഹാരം കാണേണ്ടതു ഇന്ത്യന്‍ ഗവണ്‍മെന്റ് തന്നെയാണ്. പക്ഷെ ഇതിനെ കണ്ടില്ല എന്നു നടിക്കുന്നതരത്തില്‍ കണ്ണടച്ചിരുട്ടാക്കുക എന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. സംവരണം പോലുള്ള സാമുദായിക ആവശ്യങ്ങളും ഇത്തരക്കാരുടെ ഒരു പ്രമുഖ ആവശ്യമായി ഉന്നയിക്കപ്പെടുന്നു.
ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടത് ഇത് എങ്ങനെ ദേശീയ പുരോഗതിയെ ബാധിക്കുന്നു എന്നതാണ്. ദേശീയ പുരോഗതിക്ക് വളരെ സാരമായ ഒരു കോട്ടം സംഭവിക്കുന്നു എന്നുള്ളതാണ് ഇതിന്റെ അനന്തരഫലം. നാടിന്റെ നന്മക്ക് ഉപയോഗിക്കുപ്പെടേണ്ട നമ്മുടെ പൊതു ഖജനാവ് 'തീവ്രവാദിവേണ്ട' എന്ന ഒരു പ്രത്യേക ഫണ്ടിലേക്ക് മാറ്റപ്പെടുന്നു. ഈയടുത്തു നടന്ന മുംബൈ ഭീകര ആക്രമണത്തിനുശേഷം അവതരിപ്പിച്ച ബജറ്റില്‍ ഏതാണ് 50% ത്തോളം ഭാഗം നീക്കിവെച്ചിരിക്കുന്നത് നമ്മുടെ പ്രതിരോധമേഖലക്കാണ്. നാടു മുഴുവനായും വിലക്കയറ്റം എന്ന ഒരു ആഗോളപ്രതിസന്ധിയെ നേരിടുമ്പോഴും ഇതിന് ഒരുമാറ്റവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. മറ്റൊന്നുള്ളത് നമ്മുടെ സാമൂഹിക മാനസിക അവസ്ഥയാണ്. അത് വളരെ അധികം അസ്വസ്ഥമായിരിക്കുന്നു ഇന്ന്. കാലങ്ങളായി നമ്മുടെ ഇടയില്‍ താമസിച്ച് ഒരുമിച്ചു കളിച്ചുവളര്‍ന്ന കൂട്ടുകാര്‍ക്കുപോലും രണ്ടു മതസ്ഥരാണ് എന്നതിനാല്‍ പരസ്പരം വിശ്വാസമില്ല എന്ന ഒരു സാമൂഹിക പരിസ്ഥിതി സൃഷ്ടിക്കപ്പെട്ടു. നാളെ എന്റെ വീടുകളിലേക്ക് കത്തിയും ബോംബുമായി ഇവന്‍ വന്നെങ്കിലോ എന്നു നാം ഭയപ്പെടുന്നു. പരസ്പരം വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ഈ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് മറ്റു പലരുമാണെന്നസത്യം നാം അറിയാതെ പോകുന്നു. കാലങ്ങളായി നാം പറഞ്ഞുനടന്ന നമ്മുടെ മതസഹിഷ്ണുത ഇന്നു വംശനാശം സംഭവിക്കുന്നു. മതങ്ങള്‍ മനുഷ്യനെ വഴിതെറ്റിക്കുന്നു എന്നുവരെ ആയിരിക്കുന്ന കാര്യങ്ങള്‍.
എന്താണ് ഇതിനുള്ള പരിഹാരം. വളരെ കൃത്യവും ആസൂത്രരണത്തോടെയുള്ള ബോധവത്കരണം കൊണ്ടേ ഇതു സാധ്യമാകൂ. മതങ്ങള്‍ ഇവയുടെ നന്മകള്‍ ഉയര്‍ത്തിപ്പിടിക്കാനും അത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ളതാണ് എന്നബോധമുണ്ടാക്കാനും ശ്രമിക്കണം. ഇതിനെല്ലാം ഉപരി സര്‍ക്കാറിന്റെയും ഭരണപക്ഷത്തിന്റെയും വളരെ കര്യമായ ഒരിടപെടല്‍ ഈ മേഖലയില്‍ ഉണ്ടായേ മതിയാകൂ. നമ്മുടെ ഭീകരവിരുദ്ധനിയമങ്ങള്‍ നല്ലതു മാത്രം ഉദ്ദേശിച്ചുള്ളവയും പൊതുനന്മ ഉദ്ദേശിക്കുന്നവയുമാകണം. അതിലുപരി സമൂഹമനസ്സാക്ഷി എന്ന ഒന്ന് ഇതിനെതിരെ രൂപപ്പെട്ടു വരികയും ഇത്തരം പ്രതിലോമശക്തികള്‍ നമ്മുടെ നാടിന് ആപത്താണ് എന്ന് തിരിച്ചറിയുകയും അവയെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അവിടെ മാത്രമേ നമുക്ക് വിജയം കാണാനാകൂ.

Shakeer C. Muhammed

Social Science

No comments:

Post a Comment