Pages

Tuesday, October 19, 2010

വിദ്യാര്‍ത്ഥികളേ ഇതിലേ, ഇതിലേ!!

''നിനക്ക് എന്റെ ശക്തിയുണ്ടായാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടോ?'' ഒരിക്കല്‍ കൊടുങ്കാറ്റ് മന്ദമാരുതനോട് ചോദിച്ചു. അഹന്ത നിറഞ്ഞ ഈ ചോദ്യം പരിഹാസത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരിയോടെയാണ് മന്ദമാരുതന്‍ ശ്രവിച്ചത്. മന്ദമാരുതന്റെ ഈ ഭാവം കണ്ടപ്പോള്‍ കൊടുങ്കാറ്റ് ക്ഷുഭിതനായി. ''എന്ത്? ഞാന്‍ ആഞ്ഞടിക്കുമ്പോള്‍ കടല്‍ക്കര ഇളകിത്തുടങ്ങുന്നു. നീ ഒരു പുല്‍ക്കൊടിയെ നിലംപതിക്കാന്‍ എടുക്കുന്ന സമയം മതി എനിക്ക് പടുകൂറ്റന്‍ കപ്പലുകളെ അടിച്ചുനിരപ്പാക്കാന്‍, ഞാന്‍ കാര്യമായി ഒരു സഞ്ചാരം നടത്തിയാല്‍ മതി കടല്‍തീരത്ത് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കപ്പല്‍ കഷ്ണം കൊണ്ട് നിറയാന്‍. സകല മനുഷ്യരും ഞാന്‍ ചെല്ലുമ്പോള്‍ പതുങ്ങിയൊളിക്കുന്നു. ഇങ്ങനെയുള്ള എന്റെ ശക്തി ലഭ്യമാക്കാന്‍ നിനക്ക് മോഹമില്ലന്നോ?'' കൊടുങ്കാറ്റിന്റെ ഈ പ്രസംഗം മന്ദമാരുതന്‍ പതുക്കെ സ്വൈരസഞ്ചാരം ആരംഭിച്ചു. മന്ദമാരുതന്റെ ആഗമനം പൂന്തോട്ടങ്ങളും ഫലവൃക്ഷത്തോപ്പുകളും തലകുലുക്കി സ്വാഗതം ചെയ്തു. പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍ തുള്ളിച്ചാടി നൃത്തം വെച്ചു. കൊച്ചു കൊച്ചു മേഘങ്ങള്‍ ആകാശവീഥിയില്‍ ഘോഷയാത്ര നടത്തി. പക്ഷികളുടെ ചിറകുകളും വള്ളങ്ങളുടെ പായകളും മുമ്പോട്ടു സ്വൈര്യമായി ചലിച്ചു. മന്ദമാരുതന്റെ സ്പര്‍ശം അനുഭവിച്ച എല്ലാവരും സുഖനനിര്‍വൃതിയില്‍ ലയിച്ചു.
നമ്മുടെ യുവജനങ്ങളില്‍ പലരിലും കൊടുങ്കാറ്റിന്റെ മനോഭാവമാണ് പ്രകടമാവുന്നത്. മന്ദമാരുതന്റെ സഹിഷ്ണുതയും വിനീതഭാവവും അവരുടെ വീക്ഷണത്തില്‍ ഒരുതരം ഭീരുത്വമോ കഴിവുകേടോ ആണ്. ഓരോരുത്തരും തങ്ങളുടെ കഴിവില്‍ സ്വയം അഹങ്കരിക്കുന്ന കാഴ്ചയാണ് എവിടെയും. അവനേക്കാള്‍ ശക്തിമാനാണൊന്നോ കഴിവുള്ളവനാണെന്നോ, അറിവുള്ളവനാണെന്നോ തെളിയിക്കാനും ബോധ്യപ്പെടുത്താനുമുള്ള പരാക്രമം സാര്‍വത്രികമാണ്. ഏതുകാര്യവും ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച് നേടിയെടുക്കാമെന്നവര്‍ മോഹിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അവശതാ പരിഹാരത്തിനായാലും സാമൂഹ്യപ്രശ്നങ്ങള്‍ക്ക് തീരുമാനം കണ്ടെത്തുന്നതിനുവേണ്ടിയായാലും തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് എന്തെങ്കിലുമോക്കെ തകര്‍ന്നേ മതിയാവൂ എന്ന് പരക്കേ കാണുന്ന മനോഭാവത്തിന് അതാണ് കാരണം. യുവസുഹൃത്തുക്കളില്‍ വളര്‍ന്നുവരുന്ന ഈ അഹങ്കാരബോധം ഒരു പരിധി വരെ രാജ്യത്ത് അസമാധാനവും ജനങ്ങളില്‍ അങ്കലാപ്പും സൃഷ്ടിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നതു ഒരു വസ്തുതയാണ്. രാജ്യത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ചിന്തിപ്പിക്കാനും ദുഃഖിപ്പിക്കാനും പോന്നതാണ് ഇന്ന് രാജ്യത്ത് നടക്കുന്ന പല വിധ്വംസക പ്രവര്‍ത്തനങ്ങളും.
സ്വന്തം കഴിവില്‍ വിശ്വാസം ഉണ്ടാവുന്നത് തെറ്റല്ല. എന്നാല്‍ അത് സംസ്ഥാനത്തും അസ്ഥാനത്തും വിളിച്ചുപറയുന്നത് പൊങ്ങച്ചമാണ്. പൊങ്ങച്ചവും അഹങ്കാരവും പരസ്പരപൂരകങ്ങളായ രണ്ട് ദുര്‍ഗുണങ്ങളാണ്. ഒരു പ്രത്യേകതരത്തിലുള്ള മാനസികനൂനതയാണ് അഹങ്കാരം. തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടലാണ് അഹങ്കാരത്തിന് അടിസ്ഥാനം. അമിതമായ ആത്മാഭിമാനവും അജ്ഞതയുമാണ് അതിനു പ്രോല്‍സാഹനം നല്‍കുന്നത്. അനാവശ്യമായും പരിധി ലംഘിച്ചും കഴിവു പ്രകടിപ്പിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. പൊങ്ങച്ചവും, അഹങ്കാരവും അല്‍പാത്മാവിന്റെ നിഴലായി വേണം കരുതാന്‍. സോഫോക്ലിസ് പറഞ്ഞത് എത്രയോ ശരിയാണ്. ''ഏറ്റവും സമര്‍ത്ഥന്‍ എന്ന് വാക്കിലോ ചിന്തയിലോ കരുതുന്ന ഒരുവന്റെ ആത്മാവ് തുറന്നു നോക്കിയാല്‍ ശൂന്യമായിരിക്കും.''
അഹങ്കാരബോധം മനുഷ്യന്റെ വ്യക്തിസത്തയെ പലവിധത്തിലും ദുഷിപ്പിക്കുന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ ഔദ്ധത്യവും അനാദരവും ഉണ്ടാക്കാന്‍ അതു കാരമാകുന്നു. വീക്ഷണത്തില്‍ സങ്കുചിതത്വം നിഴലിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ സ്വാര്‍ത്ഥതയും ആത്മാര്‍ത്ഥയില്ലായ്മയും പ്രകടമാകുന്നു. ചുരുക്കത്തില്‍ അവജ്ഞാപൂര്‍വ്വമായ, വസ്തുതകള്‍ക്ക് നിരക്കാത്ത ഒരുതരം ഔന്നത്യബോധം അത് സൃഷ്ടിക്കുന്നു. അഹങ്കാരം ഒരു സാമൂഹ്യവിരുദ്ധശക്തിയായി രൂപാന്തരപ്പെടുന്നതങ്ങിനെയാണ്. ഒരു ഭ്രാന്തനു തനിക്ക് ഭ്രാന്താണെന്ന് മനസ്സിലാകാത്തതുപോലെ അഹങ്കാരിയായ ഒരുത്തനും തന്റെ പ്രവൃത്തികളും ഭാവങ്ങളും എന്തുഫലം സൃഷ്ടിക്കുമെന്ന് കണാന്‍ കഴിയുന്നില്ല. മറ്റുള്ളവര്‍ അവന്റെ സ്വഭാവത്തിലെ ദുര്‍ബലത മനസസിലാക്കുകയും അവനെ വെറുക്കുകയും ചെയ്യുമ്പോഴും അതിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ അവന്‍ അശക്തനായിരിക്കും. ലുബ്ധനായ ഒരു മനുഷ്യന്‍ പണത്തെ മാത്രം കാണുന്നു. ഒരു കാമുകന്‍ മധുര പതിനേഴുകാരിയെയും. പ്രതികാരവാഞ്ജയുള്ള ഒരുവന്‍ അവന്റെ ശത്രുവെ മാത്രം കാണുന്നു. എന്നാല്‍ അഹങ്കാരിയായ മനുഷ്യന്‍ ഒന്നും തന്നെ കാണുന്നില്ല!
സമര്‍ത്ഥമായ സാമൂഹ്യജീവിതത്തിനും, വ്യക്തിപരമായ സന്തുഷ്ടിക്കും അപരിത്യാജ്യമായ ഒരു ഗുണമാണ് വിനയം. പൊങ്ങച്ചത്തിനും അഹങ്കാരത്തിനുമുള്ള ഒരു മറുമരുന്നാണത്. നാം നമ്മെക്കുറിച്ച് അതിരു കടന്നു ചിന്തിക്കാതിരിക്കുക. നാം എന്തൊക്കെയോ ആണ് എന്ന ഒരു സങ്കല്‍പം നമുക്ക് തന്നെ ഉണ്ടായിപ്പോയാല്‍ അഹന്ത ഉടലെടുക്കുകയായി. തന്റെ ഗുണഗണങ്ങളെക്കുറിച്ച് ഊറ്റംകൊള്ളുന്ന മനുഷ്യന്‍ സമൂഹത്തിനൊരു വിപത്താണ്. തന്റേതായ വ്യക്തിത്വത്തിനും കൃത്യമായ നിറംകൊടുക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകും. സമുദ്രത്തിലെ ഒരു തുള്ളിവെള്ളത്തിന് സമുദ്രത്തില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പില്ലയെന്നതു പോലെ തന്നെ സമൂഹത്തില്‍നിന്നുമായ വ്യതിരിക്തമായ മഹത്വം ഒരു വ്യക്തിയും അവകാശപ്പെട്ടുകൂട. ''എനിക്ക് സാധിക്കുന്നതെന്തും ഒരു കുഞ്ഞിനുപോലും സാധിക്കുന്നതാണ് എന്ന വിശ്വാസം കൂടുതല്‍ ദൃഢമായി വരികയാണ്.'' ലോകത്തെമ്പാടുമുള്ള എല്ലാ നല്ല മനുഷ്യരുടെയും ആദരവും ബഹുമാനവുമാര്‍ജ്ജിച്ച മഹാത്മജിയുടെ വാക്കുകളാണവ. നമ്മുടെ ചി ല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ചിലപ്പോള്‍ പ്രകീര്‍ത്തിക്കുക സ്വാഭാവികമാണ്. പക്ഷേ, നാം സ്വയം സ്തുതിക്കുന്നതു കേള്‍ക്കാന്‍ ഒരിക്കലും അവര്‍ ഇഷ്ടപ്പെടുകയില്ല. നാം നമ്മുടെ നേട്ടങ്ങള്‍ ചരിത്രത്തിലെ മഹാനന്മാരായ വ്യക്തികളുടെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കുമെങ്കില്‍ നമുക്ക് വിഹിതരാകാതെ വയ്യ. ഉയരം കൂടിയ ഒട്ടകത്തിന്റെ അഹന്ത മുമ്പില്‍ ഒരു പര്‍വ്വതം കാണുന്നതുവരെ മാത്രമേ നിലനില്‍ക്കാറുള്ളു.
വിനീതനായ ഒരു വ്യക്തി ഒരിക്കലും അവഹേളിക്കപ്പെടുന്നില്ല. പലപ്പോഴും ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റാന്‍ വിനയസ്വഭാവം ഉപകരിക്കുന്നു. വിക്ടോറിയ മഹാരാജ്ഞിയും ഭര്‍ത്താവും തമ്മില്‍ കലഹിച്ച ഒരു സംഭവം പ്രസിദ്ധമാണ്. രാഞ്ജിയുടെ കോപത്തോടെയുള്ള സംസാരം ഭര്‍ത്താവിനെ വേദനിപ്പിച്ചു. വ്യാകുല ഹൃദനാനായ അദ്ദേഹം തന്റെ മുറിയില്‍ കയറി വാതിലടച്ചിരുന്നു കളഞ്ഞു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ രാജ്ഞി ചെന്ന് കതകില്‍ മുട്ടി. ആരാണെന്നദ്ദേഹം ചോദിച്ചപ്പോള്‍ രാഞ്ജി പറഞ്ഞു. ''ഞാന്‍ തന്നെ! ഇംഗ്ലണ്ടിലെ മഹാറാണിക്ക് കതകു തുറന്നു കൊടുക്കുക!!'' യാതൊരു പ്രത്യുത്തരവും അകത്തുനിന്നുണ്ടായില്ല. കുറച്ചുനേരം രാജ്ഞി അവിടെത്തന്നെ നിന്നും പിന്നെ കതകില്‍ മന്ദമായി മുട്ടിക്കൊണ്ട് സൌമ്യമായി പറഞ്ഞു. ''ഇതു ഞാനാണ്. അങ്ങയുടെ ഭാര്യ വിക്ടോറിയ'' കതക് നിമിഷത്തില്‍ തറക്കപ്പെട്ടു. അതോടെ പ്രണയകലഹവും അവസാനിച്ചു. നോക്കൂ! സൌമ്യമായ ഒരു വാക്ക് എന്തെല്ലാം ത്യ്രാഘാതങ്ങളെയാണ് ഒഴിവാക്കിയത്.
വിനയസ്വഭാവം നമ്മുടെ വ്യക്തിത്വത്തിന്നു വികാസവും പരിപുഷ്ടിയും നല്‍കുന്നു. അത് മറ്റുള്ളവരുടെ മുമ്പില്‍ നമ്മെ ചെറുതാക്കി മാറ്റുന്നുവെന്ന ധാരണ അറിവില്ലായ്മയാണ്. അത്തരക്കാര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജഫേഴ്സന്‍ തന്റെ പൌത്രനോട് ചോദിച്ച ചോദ്യം ശ്രദ്ധിക്കേണ്ടതാണ്. പ്രസിഡന്റ് ജഫേഴ്സനും പൌത്രനും കൂടി കുതിര സവാരി ചെയ്യുകയായിരുന്നു. അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ബാലന്‍ തൊപ്പിയൂരി ഉപചാരം കാണിച്ചു. അതിനുപകരമായി പ്രസിഡന്റും തൊപ്പിയൂരി ഉപചാരം ഭാവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പൌത്രന്‍ അത് കണ്ടതായി ഭവിച്ചില്ല. ജെഫേഴ്സണ്‍ അയളോടു ചോദിച്ചു. ''തോമസ് ഒരടിമ നിന്നേക്കാള്‍ യോഗ്യനായി തീരുന്നതിനും നീ സ്വയം സമ്മതിക്കുകയാണോ?''
വിനയം മഹത്വത്തിന്റെ കോണിപ്പടിയാണെന്ന് തെളിയിക്കുന്നതാണ് മഹല്‍വ്യക്തികളില്‍ പലരുടെയും ജീവിത കഥ.  വാക്കിലും പ്രവൃത്തിയിലും അവരെല്ലാം തന്നെ വിനയസ്വഭാവികളായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ഫിലാഡല്‍ ഫിലായിലേക്ക് പോകാനായി ഒരിക്കല്‍ തീവണ്ടിയില്‍ കയറിയ ഒരു സ്ത്രീയുടെ സമീപം അല്‍പം തടിച്ച ഒരാള്‍ ഇരുന്നിരുന്നു. ഈ മനുഷ്യന്‍ പുകവലിക്കുന്നത് കണ്ടിട്ടും ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു. ''നിങ്ങള്‍ ഒരു വിദേശിയായിരിക്കാം. ഇവിടെ വെച്ചു പുകവലിച്ചു കൂട. വേണമെങ്കില്‍ അതില്‍ ചെന്നു കയറാം.'' അദ്ദേഹം മറുപടി ഒന്നും പറയാതെ ചുരുട്ട് ദൂരെ എറിഞ്ഞുകളഞ്ഞു. അല്‍പം കഴിഞ്ഞ് കണ്ടക്ടര്‍ വന്ന അത് ജനറല്‍ ഗ്രാന്റിന്റെ പ്രൈവറ്റ് വണ്ടിയൊണെന്ന് പറഞ്ഞപ്പോഴാണ് പരിഭ്രാന്തയായ ആ സ്ത്രീക്ക് ആളെ മനസ്സിലായത്. എന്നാല്‍ ചുരുട്ട് 'ദൂരെ എറിഞ്ഞു കളയാന്‍ മാത്രം വിനയാന്വിതനായ അദ്ദേഹം വിഷമിച്ചു അവശയായ ആ സ്ത്രീയെ സമാധാനിപ്പിച്ചു പറഞ്ഞയ്ക്കുകയാണ് ചെയ്തത്.
വാഷിംഗ്ടണില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ ഡാനിയല്‍ വെബ്സ്റ്ററെ കാണാന്‍ പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള ഒരു കുറുക്കുവഴിയേ ചെന്നപ്പോഴാണ് മദ്ധ്യേയുണ്ടായിരുന്ന ഒരു ജലാശയം കടക്കാന്‍ പ്രയാസമാണെന്ന് അയാള്‍ കണ്ടത്. അപ്പോള്‍ അതുവഴി വന്ന ഒരാളോടു തന്നെ എടുത്തു അക്കരെ ആക്കിയാല്‍ കൂലി നല്‍കാമെന്ന് പറഞ്ഞു. വഴിപോക്കന്‍  ഉടനെ അയാളെ എടുത്തു മറുകരയിലെത്തിച്ചു. ഉദ്യോഗസ്്ഥന്‍ കൂലി കൊടുക്കാന്‍ ഉദ്യമിച്ചപ്പോള്‍ നന്ദിപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം യാത്ര പറഞ്ഞു. വെബ്സ്റ്ററുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥന്‍ ലജ്ജിച്ചുപോയി. തന്നെ മറുകരയിലെത്തിച്ച മനുഷ്യനാണ് വെബ്സ്റ്ററെന്ന അയാള്‍ മനസ്സിലാക്കിയതപ്പോഴാണ്.
വിനയത്തിന്റെ മഹത്തായ മാതൃകകള്‍ ഇങ്ങനെ എടുത്തുദ്ധരിക്കാന്‍ ഏറെയുണ്ട്. ജനങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജിച്ച മഹാന്മാരെല്ലാം തന്നെ അവരുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത് സ്നേഹനിര്‍ഭരമായ ജീവിതം വിനയപൂര്‍ണ്ണമായിരിക്കും എന്നാണ്. വിനയത്തിലൂടെ നേടാന്‍ പറ്റാത്തതായി ഒന്നും തന്നെയില്ല. അതുപോലെ തന്നെ വിനയസ്വഭാവം നമുക്ക് ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നുമില്ല.

കെ. ജെയ്നി

No comments:

Post a Comment