Pages

Tuesday, October 19, 2010

ഗുരുശിഷ്യ ബന്ധം

ഗുരുശിഷ്യബന്ധത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് ബൈബിളിലെ ഒരു സംഭവമാണ്.  ഒരുദിവസം യേശുനാഥന്‍ മരണത്തിനുമുമ്പ് തന്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിക്കാന്‍ സെഹിയോന്‍ ഊട്ടുശാലയില്‍ എത്തിച്ചേര്‍ന്നു. യഹൂദരുടെ ആചാരമനുസരിച്ച് ഭക്ഷണത്തിനുമുമ്പ് അടിമകള്‍ പാദം കഴുകികൊടുക്കണമായിരുന്നു. എന്നാല്‍ ശിഷ്യന്മാരിലാരും ഈ പ്രവൃത്തി ചെയ്യാന്‍ തയ്യാറായില്ല. എല്ലാവരും ഭക്ഷണത്തിനിരുന്നപ്പോള്‍ യേശു തന്റെ മേലങ്കി മാറ്റി ഒരു തൂവാലയും ഒരു പാത്രത്തില്‍ വെള്ളവുമെടുത്ത് ശിഷ്യരുടെ പാദം കഴുകി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ''നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദം കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദം കഴുവിന്‍.''
സ്വയം താഴ്ന്നിറങ്ങുന്ന ഗുരുസങ്കല്‍പം. തലമുറകളെ വാര്‍ത്തെടുക്കുന്ന രാജശില്‍പിയാണ് അധ്യാപകന്‍ എന്ന് തത്വചിന്തകനായ ജീന്‍സെബിലസ് പറയുന്നു. ശിഷ്യമനസ്സുകളെ സ്വാധീനിക്കണമെങ്കില്‍ ഗുരു ഇറങ്ങിവരണം. മേലാവിയോടുള്ള വിനയം കര്‍ത്തവ്യവും സമന്‍മാരോടുള്ള വിനയ മര്യാദയും താഴെയുളളവരോടുള്ള വിനയം കുലീനതയുമാണെന്ന് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍! വിനയം ഗുരുവിന്റെ മുഖമുദ്രയാകണം. കുഞ്ഞുങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സാധ്യതകളെ തട്ടിയുണര്‍ത്തുന്നവനാണ് അധ്യാപകന്‍. യഥാര്‍ത്ഥത്തില്‍ ഇത് ദൈവത്തിന്റെ കരവേലയായ മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് രൂപപ്പെടുത്തുന്ന  പവിത്രകര്‍മ്മമാണ്. അതിനാല്‍ ഇത് വൈദാരാധനകൂടിയാണ്. ഇവിടെ സ്വാര്‍ത്ഥതയുടെയോ പ്രതിഫലചിന്തയുടെയോ അഹങ്കാരത്തിന്റെയോ ചിന്തകളില്ല. അധ്യാപനത്തെ ജീവിതദൌത്യമായി കാണുന്ന അര്‍പ്പണമനോഭാവമുള്ള അധ്യാപകരാണ് വിദ്യാഭ്യാസത്തെ വളര്‍ത്തുന്നതെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്നു നമ്മെയൊക്കെ സ്വന്തം മക്കളെപോലെ കരുതി വളര്‍ത്തിയ ഒരുപാടു അധ്യാപകജീവിതങ്ങളെ നമുക്കും ഉയര്‍ത്തിക്കാണിക്കാനുണ്ടാകും.
ആചാര്യ ദേവോ ഭവ!
ആജ്ഞതയുടെ അന്ധകാരമകറ്റി അധാര്‍മ്മികതയുടെയും അനീതിയുടെയും ഇരുളകറ്റി ശിഷ്യനു നേരിന്റെ പാത കാണിച്ചുകൊടുക്കുന്ന ഗുരുവിനെ ദൈവമായി കരുതുന്ന ആര്‍ഷഭാരത സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍. പക്ഷേ ഇത് ഈ ചിന്തകള്‍ക്ക് ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു. ഒരു നല്ല ജോലി, പ്രശസ്തി, ആഡംബരം നിറഞ്ഞ ജീവിതം ഇവയൊക്കെയായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍. അധഃപതിച്ചോ എന്ന് സംശയിച്ചുപോകുന്ന ജീവിതത്തിന്റെ അടിസ്ഥാനഭാവങ്ങള്‍ പോലും അറിയാതെ കലാലയങ്ങള്‍ വിട്ടുപോരുന്ന കുഞ്ഞുങ്ങള്‍ ഇടവഴിയില്‍ തളര്‍ന്നുപോകുന്നു. വേതനത്തിനുവേണ്ടിയും ഉപജീവനത്തിനുവേണ്ടിയും ജോലി തീര്‍ത്തുപോകുന്ന അധ്യാപകര്‍ തങ്ങളുടെ യഥാര്‍ത്ഥദൌത്യം തിരക്കിനിടയില്‍ മറന്നുപോയോ? കാഴ്ചപ്പാടുകളിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇന്ത്യയിലെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഡോ. എ.പി.ജെ. അബ്ദുല്‍കലാം പറയുന്നു.
ഈ നിലപാടുകള്‍ക്കും ചിന്തകള്‍ക്കും മാറ്റംവരട്ടെ സമൂഹത്തിന്, നാടിന്, കുടുംബത്തിന് നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാന്‍ ഇന്നിന്റെ വിദ്യാഭ്യാസത്തിന്, അധ്യാപകര്‍ക്ക് സാധിക്കട്ടെ. ശിഷ്യരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഗുരുവും ഗുരുവിനെ ഉള്ളോടു ചേര്‍ത്തുവെയ്ക്കുന്ന ശിഷ്യരുമായി നമ്മുക്ക് മാറാം. സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

Dhanya Antony,
Physical Science option.

No comments:

Post a Comment